ഗസ്സ: വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. സാലിഹ് അറൂറിയെയും റിദ്വാൻ ഫോഴ്സിന്റെ യൂനിറ്റ് ഉപമേധാവി വിസ്സാം അൽ തവീലിനെയും വധിച്ചതിനുള്ള തിരിച്ചടിയാണ് ഡ്രോൺ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.
സഫേദിലെ ഇസ്രായേലിന്റെ വ്യോമ നിരീക്ഷണ കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഒക്ടോബർ ഏഴിന് ശേഷം ആദ്യമായാണ് ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല ഇത്തരമൊരു ആക്രമണം നടത്തുന്നത്. ലബനാൻ അതിർത്തിയിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് സൈനിക കേന്ദ്രം. ചൊവ്വാഴ്ച തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടു.
ലബനാനെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞയാഴ്ച രണ്ടുതവണ ടി.വി പ്രഭാഷണത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ആയിരങ്ങൾ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുകയാണ്. സംഘർഷത്തിന് പരിഹാരം തേടി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പശ്ചിമേഷ്യ പര്യടനത്തിലാണ്. ഇതിനിടെയാണ് സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത്.
כטב”ם ששוגר מלבנון התפוצץ במפקדת פיקוד הצפון של צה”ל בצפת, אין נפגעים. חזבאללה: זו תגובה לחיסול מפקד כוח רדואן ועארורי@Doron_Kadosh pic.twitter.com/X0GI59Rbnm
— גלצ (@GLZRadio) January 9, 2024
വിസ്സാം അൽ തവീസൽ മജ്ദുൽ സലം ഗ്രാമത്തിൽ നടന്ന ആക്രമണത്തിലാണ് മരിച്ചത്. ദിവസങ്ങൾക്കുമുമ്പ് ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയെ ബൈറൂത്തിൽ ഡ്രോൺ ആക്രമണത്തിലും ഇസ്രായേൽ കൊലപ്പെടുത്തി. അതേസമയം, ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഇസ്രായേലിന്റെ ഒമ്പത് സൈനികരെ കൊലപ്പെടുത്തി. ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മധ്യ ഗസ്സയിലെ ബുറെയ്ജിൽ സ്ഫോടനത്തിലാണ് ഇതിൽ അഞ്ചുപേർ കൊല്ലപ്പെട്ടത്.
ഹമാസുമായുള്ള കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം ഇതോടെ 185 ആയി. തെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ആന്റണി ബ്ലിങ്കനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.