ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പുറത്തേക്ക് ചാടിയ വയര്‍ കാണാതിരിക്കാന്‍ ശ്വാസവും വയറും ഉള്ളിലേക്ക് വലിച്ചു പിടിച്ച് നിന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് തത്ക്കാലത്തേക്ക് ഫോട്ടോയില്‍ ഒരു ലുക്കൊക്കെ തന്നേക്കാമെങ്കിലും ദീര്‍ഘകാല ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഇത്തരത്തില്‍ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍പ്പിക്കാം. ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ബാധിക്കപ്പെടുന്നത് ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിച്ചേക്കാം. നിരന്തരം ഇത് ചെയ്യുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയാനും കാരണമാകാമെന്ന് ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നു. read also ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് കളയണോ?
മോശം ശരീര അംഗവിന്യാസത്തിനും ഈ വയര്‍ വലിക്കല് കാരണമായെന്ന് വരാം. ശരിയായ ദഹനത്തെയും ഇത് ബാധിക്കാമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ വയര്‍ ഉള്ളിലേക്ക് പിടിച്ച് ശ്വാസം പിടിച്ചു നിന്നാല്‍ മാത്രമേ സുന്ദരനും സുന്ദരിയുമാകുകയുള്ളൂ എന്ന തോന്നലും നെഗറ്റീവായ ശരീര സങ്കല്പത്തിന് വഴി വച്ചേക്കാം. ശരീരത്തെ അതിന്റെ സ്വാഭാവിക വടിവുകളോടെയും ആകൃതിയോടെയും അംഗീകരിക്കാന്‍ ശീലിക്കുന്നതാണ് ആരോഗ്യകരവും പോസിറ്റീവുമായ പ്രതിച്ഛായ സ്വയം ഉണ്ടാക്കിയെടുക്കാനുള്ള വഴി.
ഇത്തരത്തില്‍ താത്ക്കാലികമായ ലൊട്ടുലൊടുക്ക് ടിപ്പുകൾ വയര്‍ കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നതിന് പകരം കുടവയര്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതും അഭികാമ്യമാണ്. സന്തുലിതവും ആരോഗ്യകരവുമായ ജീവിതശൈലി, വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം ഇതിന് ആവശ്യമാണ്.