ദുബൈ: പൊതുഗതാഗത സംവിധാനങ്ങളിൽ എട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ യാത്ര മുതിർന്നവർക്കൊപ്പം മാത്രമേ പാടുള്ളൂവെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓർമിപ്പിച്ചു. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ദുബൈ മെട്രോ എന്നിവയിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. പക്ഷേ, രക്ഷാകർത്താവിൽനിന്നുള്ള അനുമതിപത്രം കൈയിൽ കരുതണം. 12 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ സാന്നിധ്യമില്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാമെന്നാണ് ആർ.ടി.എ വ്യവസ്ഥ.
ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ സുരക്ഷിതവും സുഗമവുമായ യാത്രാ മാർഗമെന്നനിലയിൽ മാത്രമല്ല, വിദ്യാർഥികൾക്കുള്ള പ്രത്യേക നോൾ കാർഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യവും കൂടിയാണ് പ്രദാനം ചെയ്യുന്നത്. അഞ്ചുമുതൽ 23 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പേഴ്സണൽ നോൾ കാർഡ് ഉപയോഗിച്ച് എവിടെ വേണമെങ്കിലും യാത്രചെയ്യാം. സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് നോൾ കാർഡ് ലഭിക്കാൻ എമിറേറ്റ്സ് ഐ.ഡിയുടെ പകർപ്പിനൊപ്പം വെള്ള ബാക്ഗ്രൗണ്ടുള്ള ഒരു ഫോട്ടോയും വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖയും സമർപ്പിക്കണം. നിശ്ചയദാർഢ്യമുള്ള കുട്ടികളാണെങ്കിൽ അത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു