ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ‘ഏക്കർസ് 2024’ ജനുവരി 17 മുതൽ 20 വരെ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
കിരീടാവകാശിയും ഷാർജ ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പുമാണ് പ്രദർശനം ഒരുക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിർമാതാക്കൾക്കും പുതിയ പ്രോജക്ടുകൾ പരിചയപ്പെടുത്താനുള്ള പ്ലാറ്റ്ഫോം എന്നനിലയിലാണ് പ്രദർശനം എല്ലാ വർഷവും നടന്നുവരുന്നത്. കൂടാതെ, നിക്ഷേപകർക്കും കണ്ടുമുട്ടാനും ധാരണകളിലെത്താനും മികച്ച അവസരമാണ് മേള. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 372 പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ മേളയിൽ പ്രദർശനത്തിനെത്തുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇ, ഒമാൻ, ജോർഡൻ, ജോർജിയ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും റിയൽ എസ്റ്റേറ്റ് കമ്പനികളെത്തുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം സ്ഥലം പ്രദർശനത്തിനായി ഇത്തവണ അധികമായി ഉപയോഗിക്കും. പങ്കെടുക്കുന്ന കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചത്. ഇത്തവണ മേളയിൽ പങ്കെടുക്കുന്ന നിർമാതാക്കൾക്ക് പ്രത്യേകമായ ഓഫറുകൾ സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രദർശനദിനങ്ങളിൽ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ് നൽകുമെന്നതാണ് ഇതിൽ പ്രധാനം. കഴിഞ്ഞ വർഷത്തെ ‘ഏക്കർസി’ന്റെ വിജയവും പുതിയ വർഷത്തിൽ പ്രദർശകരുടെ എണ്ണം വർധിച്ചതും എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു