ദുബൈ: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് എയർലൈനായ ഇൻഡിഗോ മിഡിലീസ്റ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവു വരുത്തി. നേരത്തേ ഈടാക്കിയിരുന്ന ഇന്ധന സർചാർജ് പിൻവലിച്ചതാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം. കേരളം, ഡൽഹി, മുംബൈ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെ വരുമെന്നാണ് യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ ഉടമയായ അഫി അഹമ്മദ് പറയുന്നത്. ടിക്കറ്റ് നിരക്കിൽ നാലു ശതമാനം വരെയാണ് കുറവ് വന്നത്. കുറഞ്ഞ യാത്രാസമയമുള്ള ഇന്ത്യയിലേക്ക് അടുത്ത കാലത്തായി വലിയ വർധനയാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരുന്നത്. അവധിദിനങ്ങളിൽ നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്ന മലയാളികളായ പ്രവാസികളെ സംബന്ധിച്ച് ഇത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറച്ചത് അവർക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാന ഇന്ധനത്തിന് (എ.ടി.എഫ്) നാലു മാസത്തോളം തുടർച്ചയായി വിലകൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇൻഡിഗോ ഇന്ധന സർചാർജ് പ്രഖ്യാപിച്ചത്. തുടർന്ന് ഇതിന് ആനുപാതികമായി വിമാന ടിക്കറ്റ് നിരക്കുകളും വർധിക്കുകയായിരുന്നു. 15 മുതൽ 50 ദിർഹം വരെയാണ് ടിക്കറ്റുകൾക്ക് ഇന്ധന സർചാർജായി ഈടാക്കിയിരുന്നത്. എന്നാൽ, തുടർച്ചയായി മൂന്നു മാസം വിമാന ഇന്ധനവില കുറഞ്ഞതോടെ വ്യാഴാഴ്ച ടിക്കറ്റ് നിരക്കിലും കുറവു വരുത്തിയതായി കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. ഏവിയേഷൻ ടർബൈൻ ഓയിലിന്റെ വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് ടിക്കറ്റ് നിരക്കിലും മറ്റു സേവന നിരക്കുകളിലും മാറ്റം വരുത്തുന്നത് തുടരുമെന്നും കമ്പനി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു