റിയാദ്: സൗദി അറേബ്യയിൽ ഇത് ഓറഞ്ചുത്സവകാലമാണ്. റിയാദ് പ്രവിശ്യയിലെ ഹരീഖിൽ ആരംഭിച്ച മേളയിലേക്ക് ജനപ്രവാഹമാണ്. റിയാദിൽനിന്ന് 200 കി.മീയിലേറെ സഞ്ചരിച്ച് കുന്നിറങ്ങിപ്പോകണം ഹരീഖ് എന്ന ചെറുപട്ടണത്തിലേക്ക്.
മൈലുകൾക്കിപ്പുറം മുതൽ മധുരനാരങ്ങാ മണമുള്ള ഈറൻ കാറ്റ് സഞ്ചാരികളെ വരവേൽക്കാൻ തുടങ്ങും. ഗ്രാമീണ കാഴ്ചകളാണെങ്ങും. അറേബ്യൻ ആതിഥേയത്വത്തിന്റെ അന്തസ്സ് വിളംബരം ചെയ്യുന്ന സ്വദേശി സൽക്കാരങ്ങൾ അവിടെ വിളയുന്ന പഴങ്ങളേക്കാൾ മാധുര്യമുള്ളതാണ്.
ഹരീഖിന്റെ പ്രധാന കാർഷികമേളയായ ഓറഞ്ച് ഉത്സവത്തിലേക്ക് സൗദിയുടെ പലഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്നവരിൽ മലയാളികൾ ഒട്ടും കുറവല്ല. ഉത്സവം തുടങ്ങിയതോടെ ഹരീഖ് തിരക്കിലമർന്നിരിക്കുകയാണ്. മേള 13 ന് രാത്രി 10ഓടെ അവസാനിക്കും. വിവിധ പ്രവിശ്യകളിൽനിന്ന് വിവിധ മേഖലകളിലെ കാർഷിക വിദഗ്ധരും, കച്ചവടക്കാരും, വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ മേളയിലെത്തുന്നുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. രാവിലെ നഗരിയിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും വൈകീട്ടോടെയാണ് സജീവമാകുക. ഓറഞ്ച് ഉൽപന്നങ്ങൾ ഉൾപ്പെടെ വ്യത്യസ്ത ഫലവിളകളുടെ 150 ഓളം പവിലിയനുകളുണ്ട് മേളയിൽ. തദ്ദേശ കുടിൽ വ്യവസായമായി ഓറഞ്ചിൽനിന്ന് ഉൽപാദിപ്പിക്കുന്ന ജാമുകൾ, കേക്കുകൾ, ബിസ്കറ്റുകൾ, പുഡ്ഡിങ് തുടങ്ങി ഉൽപന്നങ്ങൾ വിൽപനക്കും സ്വാദ് നോക്കാനും സ്റ്റാളുകളിൽ അണിനിരന്നിട്ടുണ്ട്.
മേളയിൽ കൃഷിപാഠങ്ങളും
പ്രാദേശിക കൃഷിക്കാരെയും ചെറുകിട വൻകിട വ്യാപാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനും മേള വലിയ പങ്കാണ് വഹിക്കുന്നത്. വിദേശികളും സ്വദേശികളുമായ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നെത്തുന്നവരുമായി സാംസ്കാരിക വിനിമയം നടത്താനും നഗരി വേദിയാകുന്നുണ്ട്. ഓറഞ്ച് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിന് വിദേശത്ത് നിന്നെത്തിയവരും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൃഷിയെയും മണ്ണിനെയും കാർഷിക രീതിയെയും കുറിച്ച് വിവരണം നൽകാൻ വിദഗ്ധരടങ്ങിയ പാനലുകൾ നേതൃത്വം നൽകുന്ന പ്രത്യേക സെമിനാറുകളും മേളയുടെ ഭാഗമായുണ്ട്.
സൗദി കാർഷിക ജലവിഭവ മന്ത്രാലയം നേതൃത്വം നൽകുന്ന മേളക്ക് പുതുതലമുറയെ കാർഷിക വൃത്തിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഏഴു വർഷമായി സംഘടിപ്പിക്കാറുള്ള മേള റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്. വിദേശ ടൂറിസ്റ്റുകളടക്കം സീസണിൽ സഞ്ചാരികളെ ഹരീഖിലെത്തിച്ച് തങ്ങളുടെ പട്ടണത്തെ പരിചയപ്പെടുത്താനുള്ള അവസരമായാണ് ഓറഞ്ചുത്സവത്തെ പ്രദേശവാസികൾ കാണുന്നത്. ഈ മാസം വടക്കൻ മേഖലയിലെ അൽഉലയിലും ഓറഞ്ചുത്സവമുണ്ട്. അൽഉലയിലെ വർണാഭമായ മേളയിലൊന്നാണ് ഓറഞ്ചുത്സവം. രണ്ട് ലക്ഷത്തിലധികം മരങ്ങളിൽ നിന്നുള്ള വ്യത്യസ്തയിനം ഓറഞ്ചുകളാണ് അൽഉലയിൽ പ്രദർശനത്തിനും വിൽപനക്കുമെത്തുന്നത്. ശൈത്യകാലം രാജ്യത്തുടനീളം കാർഷികമേളകൾ ഉൾപ്പെടെ വിഭിന്നതരം ഉത്സവങ്ങൾക്കാണ് അരങ്ങൊരുക്കുന്നത്.
എല്ലാമുണ്ട് മേളയിൽ
ഇതിന് പുറമെ തനത് പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും അലങ്കാര വസ്തുക്കളും വസ്ത്രങ്ങളും കളിക്കോപ്പുകളുമുള്ള പവിലിയനുകളുമുണ്ട്. ഹരീഖിലെ തോട്ടങ്ങളിലെ അത്തിപ്പഴവും ഈത്തപ്പഴവും ചെറുനാരങ്ങയും വ്യത്യസ്തയിനം തേനുകളും വിൽപനക്കും സ്വാദറിയാനും സ്റ്റാളുകളിലുണ്ട്. ഗുണമേന്മയനുസരിച്ച് തരം തിരിച്ചാണ് ഇവ വിൽപനക്കെത്തുന്നത്. കുട്ടികൾക്ക് പ്രത്യേക കൂടാരങ്ങളും വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചുള്ള കലാപരിപാടികളും അവർക്കുള്ള സമ്മാനങ്ങളും മേളയിലുണ്ട്.
അറേബ്യൻ അത്തറിന്റെയും ഊദിന്റെയും വലിയൊരു പവിലിയൻ മേളയിലുണ്ട്. അതിനുള്ളിൽ 50ഓളം സ്റ്റാളുകളിൽ മുന്തിയ ഇനം സുഗന്ധലേപനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കോഫി ഷോപ്പുകളും ഭക്ഷണശാലകളും അറേബ്യൻ ഖഹ്വയും ഈത്തപ്പഴവും അതിഥികൾക്ക് നൽകാൻ സംഘാടകർ ഒരു ആഡംബര മജ്ലിസും ഒരുക്കിയിട്ടുണ്ടിവിടെ.
മലയാളി കുടുംബങ്ങൾ, സംഘടനകൾ, സൗഹൃദ കൂട്ടായ്മകളെല്ലാം ഹരീഖിലേക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. റിയാദിലെ പ്രധാന സൗഹൃദ കൂട്ടയ്മയായ റിയാദ് ടാക്കീസ് ബസ് നിറയെ ആളുകളുമായാണ് കഴിഞ്ഞ വെള്ളിയാഴ്ച മേളക്കെത്തിയത്. നഗരിയിൽ സൗദികൾക്കൊപ്പം നാടൻ പാട്ടുകൾ കൊട്ടിപ്പാടി ചുവടുവെച്ച് സ്വീകരണത്തിന് നന്ദിയറിയിച്ചാണ് റിയാദ് ടാക്കീസ് അംഗങ്ങൾ മടങ്ങിയത്. റിയാദിൽനിന്ന് ഹരീഖിലേക്കുള്ള യാത്രയും ആസ്വാദ്യകരമാണ്. അനുകൂല കാലാവസ്ഥയും ഹരീഖിലേക്ക് സഞ്ചാരികളെ കൂട്ടുന്നുണ്ട്.
കാണാൻ ഓറഞ്ച് തോട്ടങ്ങളും
മേള കാണാനെത്തുന്നവർ ഹരീഖിലെ ഓറഞ്ച് തോട്ടങ്ങളും കൃഷിയിടങ്ങളും കാണാൻ ശ്രമിക്കാറുണ്ട്. തോട്ടമുടമകളിൽ ചിലരെങ്കിലും അതിന് അവസരം ഒരുക്കുന്നുണ്ട്. നേരത്തേ പ്രദേശത്തെ മുഴുവൻ തോട്ടങ്ങളിലും പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ഓറഞ്ചുകൾ പറിക്കാനും വാരിക്കൂട്ടി കൊണ്ടുപോകാനും ശ്രമിച്ചും അച്ചടക്കമില്ലാതെ പെരുമാറിയും തോട്ടങ്ങളിൽ കേടുപാടുകൾ വരുത്തുന്ന സംഭവങ്ങൾ വർധിച്ചതോടെ പല തോട്ടങ്ങളുടെയും കവാടങ്ങൾ സന്ദർശകർക്ക് മുന്നിൽ ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. എന്നാൽ ഉദാര മനസ്കരായ ചിലർ ഇപ്പോഴും തോട്ടങ്ങളിൽ കയറാൻ അനുമതി കൊടുക്കുന്നുണ്ട്. സന്ദർശിക്കാൻ അവസരം മാത്രമല്ല സൗജന്യ ഭക്ഷണം കൂടി നൽകുന്ന തോട്ടമുടമകളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു