റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സെനറ്റർമാരുമായി ചർച്ച നടത്തി. അൽഉലയിലെ ശൈത്യകാല ക്യാമ്പിലായിരുന്നു ചർച്ച. യു.എസ് സെനറ്ററും ഇൻറലിജൻസ് കമ്മിറ്റി ചെയർമാനുമായ മാർക്ക് വാർണർ, സെനറ്റർമാരും കമ്മിറ്റിയിലെ സഹ അംഗങ്ങൾ എന്നിവരുമായാണ് ചർച്ച നടത്തിയത്.
ഉഭയകക്ഷി സൗഹൃദ ബന്ധങ്ങളും ഇരു രാജ്യങ്ങളുടെ സഹകരണത്തിന്റെ വിവിധ വശങ്ങളും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തു.
മെയ്ൻ സ്റ്റേറ്റിൽ നിന്നുള്ള സെനറ്റർ ആംഗസ് കിങ്, ടെക്സസിൽ നിന്നുള്ള സെനറ്റർ ജോൺ കോർണിൻ, ന്യൂയോർക് സ്റ്റേറ്റ് സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡ്, ഡെലവെയറിൽ നിന്നുള്ള സെനറ്റർ ജോൺ ഔസോഫ്, ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ മാർക് കെല്ലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വീകരണവേളയിൽ യു.എസിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ, റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ജനറൽ ഇൻറലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽഹുമൈദാൻ എന്നിവരും സൗദിയിലെ യു.എസ് അംബാസഡർ മൈക്കൽ റാറ്റ്നിയും ചർച്ചയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു