സിർസ (ഹരിയാന)∙ കോളജ് പ്രഫസർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 500 വിദ്യാർഥിനികൾ രംഗത്ത്. ചൗധരി ദേവിലാൽ യൂണിവേഴ്സിറ്റിയിലെ പ്രഫസർക്കെതിരെയാണ് വിദ്യാർഥിനികളുടെ ‘കൂട്ടപ്പരാതി’. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവർക്കാണ് പെൺകുട്ടികൾ പരാതി നൽകിയത്. ആരോപണവിധേയനായ പ്രഫസറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും ഇയാൾക്കെതിരായ പരാതി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നുമാണ് വിദ്യാർഥിനികളുടെ ആവശ്യം.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയുടെ പകർപ്പ് വൈസ് ചാൻസലർ ഡോ. അജ്മിർ സിങ് മാലിക്, ഹരിയാന ഗവർണർ ഭണ്ഡാരു ദത്താത്രേയ, ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ എന്നിവർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കും കൈമാറിയിട്ടുണ്ട്.
പരിധിവിട്ട പെരുമാറ്റത്തിലൂടെ പ്രഫസർ ലൈംഗികാതിക്രമം നടത്തിയെന്നാണു വിദ്യാർഥിനികൾ പരാതിയിൽ ആരോപിക്കുന്നത്. വിദ്യാർഥിനികളെ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ച് ശുചിമുറിയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നതായി വിദ്യാർഥിനികൾ പരാതിയിൽ വിശദീകരിച്ചു. പ്രഫസർക്കെതിരെ പ്രതിഷേധിക്കാൻ പലതവണ തയാറെടുത്തെങ്കിലും തീർത്തും മോശം അനന്തര ഫലങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു