ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിത; ഷെയ്ഖ് ഹസീനയ്ക്ക് അഞ്ചാം തവണയും വിജയം

ലോകം ഉറ്റുനോക്കിയ ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഞ്ചാം തവണയും ജയം. പ്രധാന പ്രതിപക്ഷം ഉള്‍പ്പെടെ ബഹിഷ്‌കരണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമെന്നോണമാണ് ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുന്നത്.  

വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച ഞായറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്.45 സീറ്റുകളില്‍ വിജയം നേടിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. തിരഞ്ഞെടുപ്പ് നടന്ന 300 സീറ്റുകളില്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് 152 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 45 സീറ്റുകള്‍ വിജയിച്ച സ്വതന്ത്രര്‍ വലിയ രണ്ടാമത്തെ കക്ഷിയായിമാറി.  മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണു പോളിങ് കുറച്ചത്. ഖാലിദ സിയ അഴിമതി ആരോപണങ്ങളുടെ പേരില്‍ നിലവില്‍ വീട്ടുതടങ്കലിലാണ്.

 

1947 സെപ്റ്റംബര്‍ 28-ന് കിഴക്കന്‍ ബംഗാളിലെ  ഷെയ്ഖ് കുടുംബത്തില്‍ ബംഗാളി ദേശീയ നേതാവ് ശൈഖ് മുജീബുര്‍ റഹ്‌മാന്റെയും ബീഗം ഫാസില തുന്നീസ മുജീബിന്റെയും മകളായാണ് ഹസീന ജനിച്ചത്. ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് ഹസീന വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് കുടുംബം ധാക്കയിലേക്ക് മാറി. ഇതോടെ ഹസീന അസിംപൂര്‍ ഗേള്‍സ് സ്‌കൂളിലും,  ബിരുദ വിദ്യാഭാസത്തിനായി ഈഡന്‍ കോളേജില്ലും ചേര്‍ന്നു.

1966-നും 1967-നും ഇടയില്‍ ഈഡന്‍ കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു ഹസീന. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബംഗാളി ആണവ ശാസ്ത്രജ്ഞനായ എം.എ. വാസെദ് മിയയെ 1967-ല്‍ ഹസീന വിവാഹം കഴിച്ചു. പിന്നീട് ധാക്ക സര്‍വകലാശാലയില്‍ സാഹിത്യം പഠിക്കാനായി ചേര്‍ന്നു. അവിടെനിന്ന് 1973-ല്‍ ബിരുദം നേടി. പഠനകാലത്ത് തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ഹസീന സ്റ്റുഡന്റ്‌സ് ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്നു.

1975 ഓഗസ്റ്റ് 15-ന് മുജീബുര്‍ റഹ്‌മാന്റെ കൊലപാതകം നടന്ന ബംഗ്ലാദേശ് അട്ടിമറിസമയത്ത് ഹസീനയുടെ ഭര്‍ത്താവും മക്കളും സഹോദരി ഷെയ്ഖ് രഹനയും ഒഴികെയുള്ള മുഴുവന്‍ കുടുംബവും കൊല്ലപ്പെട്ടു. കൊലപാതകം നടക്കുമ്പോള്‍ ഹസീനയും സഹോദരി രഹനയും യൂറോപ്പ് സന്ദര്‍ശിക്കുകയായിരുന്നു. അതോടെ അവര്‍ പശ്ചിമ ജര്‍മ്മനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടില്‍ അവര്‍ അഭയം തേടി. പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്തതോടെ  കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍ ആറ് വര്‍ഷത്തോളം ന്യൂഡല്‍ഹിയില്‍ പ്രവാസജീവിതം നയിച്ചു.

2008 മുതല്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. 2014ലും 2018ലും നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷവും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ പോലുള്ളവരും ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശില്‍ ജനാധിപത്യത്തിന് അപചയം സംഭവിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പാശ്ചാത്യ ശക്തികള്‍ ഉന്നയിക്കുന്നിടയിലാണ് നിലവിലെ തിരഞ്ഞെടുപ്പും നടക്കുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News