മനാമ: 91ാമത് ശിവഗിരി തീർഥാടന സമാപനവും ആലുവ അദ്വൈതാശ്രമത്തിൽ നടക്കുന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ മതസൗഹാർദ സമ്മേളനം നടന്നു.
ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷതവഹിച്ചു. ഫാ. ജോർജ് സണ്ണി (സെന്റ് ഗ്രിഗോറിയസ് ചർച്ച് വികാരി), ഷംസുദ്ദീൻ വെള്ളികുളങ്ങര (കെ.എം.സി.സി വൈസ് പ്രസിഡന്റ്), അന്തരംഗ ചൈതന്യദാസ് പ്രഭു (ISKCON), അജിത പ്രകാശ് (എസ്.എൻ.സി.എസ്), സോവിച്ചൻ ചെന്നാട്ടുശ്ശേരി എന്നിവർ സംസാരിച്ചു.
എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതവും വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദിയും പറഞ്ഞു. ശിവഗിരി തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ ചെയർമാൻ സുനീഷ് സുശീലനെയും ജനറൽ സെക്രട്ടറി വി.ആർ. സജീവനെയും ചടങ്ങിൽ ആദരിച്ചു. എസ്.എൻ.സി.എസിൽനിന്ന് 25 ഓളം അംഗങ്ങൾ ശിവഗിരി തീർഥാടന ഘോഷയാത്രയിൽ പങ്കെടുത്തു.ശിവഗിരി കൺവെൻഷൻ സെന്ററിന് സമീപത്തുള്ള ഗുരുകുലത്തിൽനിന്ന് ബ്രഹ്മശ്രീ വീരേശ്വരാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ച പദയാത്രയിൽ ബഹ്റൈൻ ശ്രീനാരായണ സമൂഹമെന്ന് ആലേഖനം ചെയ്ത ബാനറിന് കീഴിലാണ് എസ്.എൻ.സി.എസ് അംഗങ്ങൾ അണിനിരന്നത്.
56ാമത് ശിവഗിരി ഗുരുദേവ പ്രതിഷ്ഠ വാർഷിക ചടങ്ങുകളിലും കലശപൂജയിലും അഭിഷേകത്തിലും എസ്.എൻ.സി.എസിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സംബന്ധിച്ചു. മഹാസമ്മേളനത്തിൽ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജി.എസ്.എസ് ചെയർമാൻ സനീഷ് കുറിമുള്ളിൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ശിവഗിരി തീർഥാടന കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഇത്തവണയും വ്യവസായ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ.ജി. ബാബുരാജിനായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു