ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സിനിമ നടൻ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. കോട്ടയത്ത് കോതനല്ലൂരിലുള്ള ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം ബാധിച്ച കുട്ടികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തുക എന്നത് ഒരു ചെറിയ കാര്യമല്ല; വളരെ വലിയ ഉത്തരവാദിത്തമാണത്. ആത്മസമർപ്പണം കൂടിയാണത്, സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. ഓട്ടിസം പരിശീലന രംഗത്ത് സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ ഇനിയും ധാരാളം കുഞ്ഞുങ്ങൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള കേന്ദ്രമായി മാറട്ടെ എന്ന് സുരാജ് വെഞ്ഞാറമ്മൂട് ആശംസിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റർ അധ്യക്ഷനായിരുന്നു. സ്ഥാപകയും എം. ഡി. & സി. ഇ. ഒയുമായ മിനു ഏലിയാസ്, ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജർ സ്റ്റെല്ല സ്കറിയ എന്നിവർ പ്രസംഗിച്ചു.