മനാമ: സമസ്ത ബഹ്റൈൻ പുണ്യമാസമായ റമദാനിനു മുന്നോടിയായി പ്രഖ്യാപിച്ച ത്രൈമാസ കാമ്പയിന് തുടക്കം. ഡോ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റിയുടെ കീഴിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവിയുടെ പ്രാർഥനയോടെ തുടക്കംകുറിച്ച സംഗമത്തിൽ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സാഹിബ് സ്വാഗതവും ഫാസിൽ വാഫി നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈൻ ട്രഷറർ നൗശാദ് ഹമദ് ടൗൺ, മുൻകാല പ്രവർത്തകനും മദ്റസ അധ്യാപകനുമായ ആവള മൊയ്തു മുസ്ലിയാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അശ്റഫ് അൻവരി ചേലക്കര കാമ്പയിനിലെ പരിപാടികളെ സദസ്സിന് പരിചയപ്പെടുത്തി. കാമ്പയിന്റെ ഭാഗമായി എട്ടിന് രാത്രി 8.30ന് കേരളത്തിലെ സമസ്തയുടെ ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകുന്ന ഏലംകുളം ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ ആത്മീയ മജ്ലിസുണ്ടാകും. 12 ന് രാവിലെ എട്ടിന് മെഗാ മെഡിക്കൽ ക്യാമ്പ്, രാത്രി എട്ടിന് ആരോഗ്യ സെമിനാർ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: +973 3345 0553.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു