മനാമ: കഴിഞ്ഞ ദിവസം നടന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്, മത്സരത്തിന്റെ ആവേശത്തോടൊപ്പം കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻ കൂടിയായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും കുടുംബത്തിന്റെയും സാന്നിധ്യംകൊണ്ടു കൂടി ശ്രദ്ധേയമായിരുന്നു.
ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന യങ് റൈഡേഴ്സ് കുതിരയോട്ട മത്സരത്തിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ മക്കളായ ശൈഖ ഷീമ ബിൻ നാസർ, ശൈഖ് ഹമദ് ബിൻ നാസർ, ശൈഖ് മുഹമ്മദ് ബിൻ നാസർ എന്നിവർ പങ്കെടുത്തിരുന്നു. 60കി. മീറ്റർ ഓട്ടത്തിന്റെ വിവിധ ഘട്ടങ്ങളിലുടനീളം മക്കൾക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി ശൈഖ് നാസർ ഒപ്പമുണ്ടായിരുന്നു. വളരെയധികം പരിശീലനം ആവശ്യമുള്ള കായിക ഇനമാണ് കുതിരയോട്ടം. ക്ഷമാപൂർവമായ പരിശീലനം വളരെക്കാലം വേണ്ടിവരും. കുതിരയും റൈഡറുമായുള്ള ബന്ധമാണ് മത്സരഫലം നിർണയിക്കുന്നതിൽ പ്രധാന ഘടകം. കുതിരയുടെ ആവശ്യങ്ങൾ അറിയണമെങ്കിൽ ആഴത്തിലുള്ള അറിവ് വേണം. പിതാവായ ഹമദ് രാജാവ് തനിക്ക് ചെറുപ്പത്തിൽ കുതിരയെ സമ്മാനിച്ചതു മുതൽ ചാമ്പ്യൻപട്ടം തന്റെ സ്വപ്നത്തിലുണ്ടായിരുന്നെന്ന് ശൈഖ് നാസർ വ്യക്തമാക്കിയിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് അദ്ദേഹം ലോകോത്തര റൈഡറായി മാറിയത്.
ഹമദ് രാജാവിന്റെ മാനുഷികപ്രവർത്തനത്തിനും യുവജന കാര്യത്തിനും പ്രതിനിധിയും ബഹ്റൈൻ റോയൽ ഇക്വസ്റ്റേറിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റുകൂടിയായ അദ്ദേഹം കായികമേഖലയുടെ വളർച്ചയിൽ അതീവ താൽപരനാണ്. ജൂനിയർ എൻഡുറൻസ് റേസുകൾ ചെറുപ്പക്കാരായ റൈഡർമാർക്ക് ലോക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള പരിശീലനക്കളരികളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കായികക്ഷമത വളർത്താനും സ്പോർട്സ്മാൻ സ്പിരിറ്റ് വർധിപ്പിക്കാനും ഇത്തരം മൽസരങ്ങൾ പ്രയോജനകരമാണ്. ബഹ്റൈനിന്റെ ഭാവി വളർച്ചയുടെ കേന്ദ്രങ്ങളായി മാറാൻ അദ്ദേഹം കായിക താരങ്ങളോട് ആഹ്വാനംചെയ്യുകയും ചെയ്തു. മത്സരം വിജയകരമായി പൂർത്തിയാക്കിയ കുട്ടികളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ചാമ്പ്യൻഷിപ് നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു