തിരുവനന്തപുരം: കുറ്റിച്ചൽ കോട്ടൂർ ഗോത്രമേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശുപാർശ വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിന് നൽകുമെന്ന് അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു.കോട്ടൂർ ഗോത്രമേഖലയിലെ വീടുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ,വി.ആർ.മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
മേഖലയിലെ അനവധി കുട്ടികൾ പ്ലസ്ടു കഴിഞ്ഞ് പഠനം നിറുത്തുന്നതായി ബോദ്ധ്യപ്പെട്ടതിനാൽ തുടർപഠനത്തിനായി ഫെസിലിറ്റേറ്റർമാരെയും പഠനമുറിയും സജ്ജമാക്കിയിട്ടുണ്ടെന്ന് പി.സതീദേവി പറഞ്ഞു.ദൂരെസ്ഥലങ്ങളിൽ പോയി പി.എസ്.സി പരിശീലനം നേടുന്നതിനുള്ള സാഹചര്യമില്ലെന്ന് യുവജനങ്ങൾ കമ്മിഷനെ അറിയിച്ചു.
വയോജനങ്ങൾക്കുള്ള പെൻഷൻ വീടുകളിലെത്തിച്ചു നൽകണം.കാൻസർ രോഗികൾക്കുള്ള പെൻഷൻ പദ്ധതി, ക്ഷേമപദ്ധതികൾ, ആനുകൂല്യങ്ങൾ എന്നിവ അർഹർക്ക് ലഭ്യമാക്കാനുള്ള ഇടപെടൽ പഞ്ചായത്ത്, പട്ടികവർഗ വികസനവകുപ്പ് എന്നിവയുടെ ഭാഗത്തുനിന്നുണ്ടാകണം.വീടുകളിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാണം.ഗർഭിണികൾക്ക് പരിചരണവും ചികിത്സയും ലഭിക്കുന്നുണ്ടെന്നും പി.സതീദേവി പറഞ്ഞു.
ഒറ്റയ്ക്കു കഴിയുന്നവരെയും കാൻസർ, മാനസികപ്രശ്നം ഉള്ളവരേയും വിധവകളേയും നേരിൽക്കണ്ട അദ്ധ്യക്ഷയും അംഗങ്ങളും പരിഹാര നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി.കുടുംബശ്രീയുടെ നേതൃത്വത്തിൽ പഠനം കഴിഞ്ഞു നിൽക്കുന്ന പെൺകുട്ടികൾക്കായി തയ്യൽ യൂണിറ്റ് ആരംഭിക്കാനും കാലിന് സ്വാധീനക്കുറവുള്ള ചന്ദ്രികയ്ക്ക് വീൽച്ചെയറും പാചക വാതക കണക്ഷനും ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.