തിരുവനന്തപുരം: ഡ്രംസിന്റെ താളമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് അതുൽ ഫത്തഹിന് ചിന്തിക്കാനേ കഴിയില്ല. ഓട്ടിസത്തെ വെല്ലുവിളിച്ച് ഡ്രംസിന്റെ താളത്തിൽ ജീവിതത്തിന് നിറം പകരുകയാണ് പാറ്റൂർ സ്വദേശിയായ ഈ 21കാരൻ.
ചെറുപ്പം മുതൽ ഡ്രംസ് ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങളിൽ അതുൽ താളവിസ്മയം തീർക്കുകയാണ്. കുട്ടിക്കാലത്ത് കുളിമുറിയിലെ ബക്കറ്റിൽ കൊട്ടിത്തുടങ്ങിയതാണ് അതുൽ. മകന്റെ കഴിവ് തിരിച്ചറിഞ്ഞ അച്ഛൻ ഫത്താഹുദ്ദീനും അമ്മ സബിതയും പൂർണ പിന്തുണ നൽകി. ഏഴ് വയസുമുതൽ തബലയും പിയാനോയും ഡ്രംസും ചെണ്ടയും ശാസ്ത്രീയമായി അഭ്യസിച്ചു.
അതോടെ അതുലിന്റെ പെരുമാറ്റത്തിലും ബുദ്ധിവളർച്ചയിലും മാറ്റം കണ്ടുതുടങ്ങി.വരിയും ഈണവും തെറ്റാതെ അസാദ്ധ്യമായി പാടാറുമുണ്ട്. കേരളീയം ഉൾപ്പെടെ നിരവധി വേദികളിൽ ഇതിനോടകം അവൻ തന്റെ കഴിവ് തെളിയിച്ചു. വാദ്യോപകരണങ്ങളിലെ മികവിന് ഓട്ടിസം ബാധിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇൻസ്ട്രുമെന്റലിസ്റ്റിനുള്ള ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡ് 2018ൽ സ്വന്തമാക്കി.
ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫിലോസഫി ഒന്നാംവർഷ വിദ്യാർത്ഥിയാണ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അച്ഛൻ ഫത്താഹുദ്ദീൻ. പി.എസ്.സി ഓഫീസിലെ സെക്ഷൻ ഓഫീസറാണ് അമ്മ സബിത.