തിരുവനന്തപുരം: അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റും സെറ്റും ഒരേ ദിവസം. ഏതു പരീക്ഷ എഴുതുമെന്നറിയാതെ ഉദ്യോഗാർഥികൾ ത്രിശങ്കുവിൽ. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. ഹയര്‍സെക്കൻഡറി അധ്യാപക യോഗ്യതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയാണ് സെറ്റ്.
ഈ മാസം 21ന് ആണ് രണ്ടുപരീക്ഷകളും. രാജ്യവ്യാപകമായി നടക്കുന്ന സി-ടെറ്റ് മാറ്റിവയ്ക്കാൻ സാധ്യതയില്ലാത്തതിനാല്‍ സെറ്റിന്‍റെ തീയതി മാറ്റണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ബിരുദാനന്തര ബിരുദവും ബിഎഡുമാണ് സെറ്റിനുള്ള യോഗ്യത. എന്നാല്‍, സെറ്റ് അപേക്ഷകരിലേറെയും ബിഎഡിനൊപ്പം ബിരുദം യോഗ്യതയായുള്ള സി-ടെറ്റിനും തയാറെടുപ്പു നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇതിലേതെങ്കിലും ഒന്നേ എഴുതാനാകൂ എന്നതാണ് നിലവിലുള്ള സ്ഥിതി.
സെറ്റ് പരീക്ഷയ്ക്ക് ഒരു ജില്ലയില്‍ത്തന്നെ വിവിധ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും സി-ടെറ്റിന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേ പരീക്ഷാ കേന്ദ്രങ്ങളുള്ളൂ. ഇരു പരീക്ഷകളുടെയും ഹാള്‍ടിക്കറ്റ് കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിത്തുടങ്ങി. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാർ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ഉദ്യോഗാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു