ദുബൈ: യു.എ.ഇയിൽ മന്ത്രിസഭയുടെ പുനഃസംഘടന പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. യുവജനകാര്യ സഹമന്ത്രിയായാണ് പുതിയ നിയമനം. ശനിയാഴ്ചയാണ് മന്ത്രിസഭയുടെ പുനഃസംഘടന വിവരങ്ങൾ ശൈഖ് മുഹമ്മദ് ബിൻ റാശിദ് പുറത്തുവിട്ടത്.
പ്രതിരോധ കാര്യ സഹമന്ത്രിയായി മുഹമ്മദ് ഫസൽ അൽ മസ്റൂയിയെ നിയമിച്ചതാണ് മറ്റൊരു സുപ്രധാന മാറ്റം. അബൂദബി കിരീടാവകാശിയുടെ കോർട്ട് അണ്ടർ സെക്രട്ടറിയും പ്രസിഡൻഷ്യൽ കോർട്ട് ഉപദേശകനുമായിരുന്നു ഇദ്ദേഹം. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയായിരുന്ന മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരിക്ക് പുതിയ ചുമതലയും നൽകി. പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്റർനാഷനൽ അഫയേഴ്സ് ഓഫിസിന്റെ തലവനായാണ് പുതിയ നിയമനം. കാബിനറ്റ് പദവിയോടുകൂടി ഈ പദവിയിലുണ്ടായിരുന്ന ഡോ. അംന അൽ ശംസിക്ക് പകരമായാണ് മുഹൈരിയെ നിയമിച്ചത്.
അതേസമയം, ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാമ്പത്തിക ധനകാര്യ വകുപ്പിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല കൂടി ഏറ്റെടുക്കും.
പൊതുജനങ്ങളിൽനിന്ന് ലഭിച്ച അഭിപ്രായങ്ങളിൽനിന്നാണ് സുൽത്താൻ അൽ നിയാദിയെ മന്ത്രിയായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ യുവജനകാര്യ മന്ത്രി പദത്തിലേക്ക് യോഗ്യരായവരെ നാമനിർദേശം ചെയ്യാൻ യു.എ.ഇ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഇദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് നാമനിർദേശം സമർപ്പിച്ചത്. യു.എ.ഇയെ അറിയുന്ന, രാജ്യത്തെ പ്രതിനിധാനംചെയ്യുന്നതിൽ ധീരനും ശക്തനുമായ ഒരാളും മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവനുമായിരിക്കണം യുവജനകാര്യ മന്ത്രിയായി വരേണ്ടതെന്നായിരുന്നു ആഗ്രഹം. അനേകം നാമനിർദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും സുൽത്താൻ അൽ നിയാദിയുടെ പേര് ആവർത്തിച്ചുയർന്ന സാഹചര്യത്തിലാണ് മന്ത്രിപദത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. പുതുതായി ചുതലയേറ്റവർക്ക് ആശംസകളും നേർന്നു. പുതിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം ശാസ്ത്രീയ ഗവേഷണങ്ങളും സുൽത്താൻ അൽ നിയാദി തുടരുമെന്ന് അറിയിച്ച അദ്ദേഹം, മനോഹരവും മഹത്തായതുമായ ചരിത്രമുള്ള എമിറേറ്റുകൾക്ക് 2024 ഒരു നല്ല വർഷമായിരിക്കട്ടെ എന്നും ആശംസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു