മുംബൈ: അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പിന് ശേഷം ട്വന്റി 20യിൽ കളത്തിലിറങ്ങാത്ത നായകൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഉൾപ്പെടുത്തിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ഒഴിവാക്കി. സഞ്ജുവിന് പുറമെ ജിതേഷ് ശർമയാണ് മറ്റൊരു വിക്കറ്റ് കീപ്പർ. പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചു. അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് പേസർമാരായുള്ളത്. പരിക്കേറ്റ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിലില്ല.
അഫ്ഗാനിസ്താന്റെ 19 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ സൂപ്പർ സ്പിന്നർ റാഷിദ് ഖാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. ട്വന്റി 20 ക്യാപ്റ്റനായിരുന്ന റാഷിദ് ഖാന്റെ അഭാവത്തിൽ യു.എ.ഇക്കെതിരെ ഇബ്രാഹിം സദ്രാനായാരുന്നു ടീമിനെ നയിച്ചത്. കഴിഞ്ഞ പരമ്പരയിൽ കളിക്കാതിരുന്ന സ്പിന്നർ മുജീബുർ റഹ്മാൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്.
ജനുവരി 11ന് മൊഹാലിയിലാണ് ആദ്യമത്സരം. 14, 17 തീയതികളിൽ ഇൻഡോറിലും ബംഗളൂരുവിലുമായാണ് മറ്റു മത്സരങ്ങൾ.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, സഞ്ജു സാംസൺ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ.
read also….കണ്ണൂർ അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
അഫ്ഗാൻ ടീം: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇക്രാം അലി ഖിൽ (വിക്കറ്റ് കീപ്പർ), ഹസ്രത്തുല്ല സസായ്, റഹ്മത്ത് ഷാ, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്ത്, അസ്മത്തുല്ല ഒമർസായി, ഷറഫുദ്ദീൻ അഷ്റഫ്, മുജീബുർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹ്മദ്, നവീനുൾ ഹഖ്, നൂർ അഹ്മദ്, മുഹമ്മദ് സലീം, ഖയിസ് അഹ്മദ്, ഗുൽബദിൻ നായിബ്, റാഷിദ് ഖാൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു