ദുബൈ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വർഷാദ്യത്തിൽ വലിയ ഉണർവ് രേഖപ്പെടുത്തി. ആകെ 1,721 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ജനുവരി അഞ്ചിന് അവസാനിച്ച ആഴ്ചയിലുണ്ടായതെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഇടപാടുകൾക്ക് ആകെ മൂല്യം 580 കോടി ദിർഹമാണ് രേഖപ്പെടുത്തിയത്. ആകെ 114 പ്ലോട്ടുകളാണ് ഈ കാലയളവിനിടയിൽ വിറ്റുപോയത്. ഇതിന് 136 കോടി ദിർഹമിന്റെ മൂല്യമാണുള്ളത്. 1,183 അപ്പാർട്മെന്റുകളും വില്ലകളും വിറ്റുപോയതിന് ആകെ മൂല്യം 313 കോടി ദിർഹമാണ്. അൽ തന്യ ഫിഫ്തിലെ ഭൂമി വിൽപനയാണ് ഏറ്റവും വലിയ മൂന്ന് ഇടപാടുകളായി അടയാളപ്പെടുത്തിയത്. ഇവയുടെ വില 26.83 കോടി ദിർഹം വരും. അതിനുപിന്നാലെ ഏറ്റവും വലിയ ഇടപാടായി രേഖപ്പെടുത്തിയത് വർസാൻ ഫോർത്തിലെ 11.39 കോടിയുടെ ഇടപാടാണ്. പാം ജബൽ അലിയിലെ 6.52 കോടി ദിർഹമിന്റെ ഭൂമി വിൽപനയാണ് ഇതിന് പിറകിലായി വന്നത്.
മദീനത്ത് ഹിന്ദ്-4 ആണ് ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ രേഖപ്പെടുത്തിയത്. 2.05 കോടി ദിർഹമിന്റെ 18 വിൽപന ഇടപാടുകളാണ് ഇവിടെ നടന്നത്. 31.16 കോടി ദിർഹമിന്റെ 11 വിൽപന ഇടപാടുകളുമായി പാം ജബൽ അലിയും 1.59 കോടി ദിർഹമിന്റെ എട്ട് വിൽപന ഇടപാടുകളുമായി സൈഹ് ശുഐബ്-1 മൂന്നാം സ്ഥാനത്തുമെത്തി. അപ്പാർട്മെന്റുകൾക്കും വില്ലകൾക്കുമുള്ള ആദ്യ മൂന്ന് കൈമാറ്റങ്ങളിൽ അൽ താന്യ ഫസ്റ്റിലെ 11 കോടി ദിർഹമിന്റെ ഇടപാടാണ് മുന്നിൽ. പാം ജുമൈറയിൽ 6.2 കോടി ദിർഹം, പാം ജുമൈറയിൽ 5.64 കോടി ദിർഹം എന്നിങ്ങനെയാണ് ഈ മേഖലയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.
മോർട്ട്ഗേജ് പ്രോപ്പർട്ടി ഇടപാടുകളുടെ ആകെത്തുക 77.94 കോടി ദിർഹമാണ്. ഇതിൽ ഏറ്റവും ഉയർന്ന കച്ചവടം അൽ ഹംറിയയിലാണ് നടന്നത്. 12.5 കോടി ദിർഹമിനാണ് ഈ ഇടപാട് നടന്നത്. ഒരാഴ്ചക്കിടയിൽ 61.7 കോടി ദിർഹം വിലമതിക്കുന്ന 98 സ്വത്തുക്കൾ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്കിടയിൽ അനുവദിച്ചതായും ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു