മനാമ: നൂതന ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പുതിയ സാങ്കേതികവിദ്യ ബഹ്റൈനിൽ ഉപയോഗിക്കണമെന്ന ശിപാർശ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. കൗൺസിലർ മുഹമ്മദ് അൽ ദോസരിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തിലെ ഗതാഗത ശൃംഖല മെച്ചപ്പെടുത്താനും സുരക്ഷ മെച്ചപ്പെടുത്താനും പുതിയ എ.ഐ സാങ്കേതികവിദ്യയിലൂടെ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്കായി പട്രോളിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്ന അത്യാധുനിക ഉപകരണം റോഡുകളിലെ 13 തരം തകരാറുകൾവരെ സെൻസ് ചെയ്യും. റോഡുകൾ സ്കാൻ ചെയ്ത് വിള്ളലുകളും കുഴികളും മറ്റ് വൈകല്യങ്ങളും കണ്ടെത്തും. റോഡിലെ ഒരു മില്ലീമീറ്ററോളം വരുന്ന ചെറിയ വിള്ളലുകൾവരെ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യക്ക് കഴിയും. പരമ്പരാഗത പരിശോധനാ രീതികളെ അപേക്ഷിച്ച് പല മടങ്ങ് പ്രയോജനപ്രദമാണിതെന്ന് ദുബൈയിലെ അനുഭവത്തിൽനിന്ന് വ്യക്തമായി. നൂതന സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. യു.എസ്. യു.കെ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. മഴസമയങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ പുതിയ സാങ്കേതികവിദ്യയിലൂടെ കഴിയും.
റോഡ് അറ്റകുറ്റപ്പണി കൃത്യമായി നടപ്പാക്കാൻ കഴിയുമെന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും. മാത്രമല്ല ഗതാഗതക്കുരുക്കുകൾ കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ഇതുവഴി കഴിയുമെന്നും കൗൺസിലർ മുഹമ്മദ് അൽ ദോസരി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു