ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ യുദ്ധവിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ പറന്നിറങ്ങി. വ്യോമസേന തന്നെയാണ് അതീവദുഷ്കരമായ ലാന്‍ഡിങ് വിജയകരമായി നടത്തിയ വിവരം എക്സിലൂടെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സേന പങ്കുവെച്ചിട്ടുണ്ട്.
‘ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ വിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിങ് നടത്തിയിരിക്കുന്നു.’ -വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമസേന എക്സില്‍ കുറിച്ചു. ലാന്‍ഡിങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യോമസേനയുടെ സി-130 ജെ-30 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഉത്തരാഖണ്ഡിലെ അതീവ ദുര്‍ഘടമായ എയര്‍സ്ട്രിപ്പില്‍ വിജയകരമായി ലാന്‍ഡ് ചെയ്തിരുന്നു. സൈനികാവശ്യത്തിനുള്ള സാമഗ്രികള്‍ കൊണ്ടുപോകാനുള്ള വിമാനമാണ് ഇത്. സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായാണ് ഈ വിമാനം അന്ന് പറന്നിറങ്ങിയത്. കലാപം നടക്കുകയായിരുന്ന സുഡാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 121 പേരെ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ചിറകായതും ഈ വിമാനമാണ്.
In a first, an IAF C-130 J aircraft recently carried out a night landing at the Kargil airstrip. Employing terrain masking enroute, the exercise also dovetailed a training mission of the Garuds.#SakshamSashaktAtmanirbhar pic.twitter.com/MNwLzaQDz7
— Indian Air Force (@IAF_MCC) January 7, 2024
പൈലറ്റുമാര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന എയര്‍ സ്ട്രിപ്പാണ് കാര്‍ഗിലിലേത്. സമുദ്രനിരപ്പില്‍ നിന്ന് 2676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിലെ കാലാവസ്ഥയും വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെ ദുഷ്കരമാക്കുന്നു. അത്യധികം വൈദഗ്ധ്യമുള്ള പൈലറ്റുമാര്‍ക്കുപോലും ഇവിടെ വിമാനം ലാന്‍ഡ് ചെയ്യിക്കുക എന്നത് ഒരു ‘ഹെര്‍ക്കൂലിയന്‍ ടാസ്ക്’ ആണ്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിടുക്കരായ പൈലറ്റുമാര്‍ സി-130 ജെ യുദ്ധവിമാനം രാത്രിയുടെ ഇരുട്ടില്‍ കാര്‍ഗില്‍ എയര്‍ സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്തത്.ലോക്ക്ഹീഡ് മാര്ട്ടിന് സി-130 ഹെര്‍ക്കുലീസ് വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ലോക്ക്ഹീഡ് മാര്ട്ടിന് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം. നാല് എന്‍ജിനുകളുള്ള ടര്‍ബോ പ്രൊപ് മിലിറ്ററി ട്രാന്‍സ്പോര്‍ട് എയര്‍ക്രാഫ്റ്റായ സി-130 ജെ മുന്‍ഗാമിയെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മുന്നിട്ടുനില്ക്കുന്ന വിമാനമാണ്.
രണ്ട് പൈലറ്റുമാര്‍ അടക്കം മൂന്നുപേര്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കാം. 19051 കിലോഗ്രാം ചരക്ക് വഹിക്കാന്‍ ശേഷിയുള്ള വിമാനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 644 കിലോമീറ്ററാണ്. പരമാവധി ഭാരം വഹിച്ചുകൊണ്ട് ഒറ്റപ്പറക്കലില്‍ 3300 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിന് കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു