പുതുവർഷത്തിൽ കെ എസ് ആർ ടി സിയിൽ പുത്തൻ മാറ്റം.തിരുവനന്തപുരം നഗരത്തിന്റെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇനി കെ എസ് ആർ ടി സിയുടെ ഇലക്ട്രിക്ക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം.ഡീസൽ ബസ്സുകൾ ആയിരുന്നു ഇതിന് മുമ്പ് ഈ സംവിധാനത്തിനായി ഉപയോഗിച്ചതെങ്കിൽ ഇപ്പോഴുള്ളത് ഇലക്ട്രിക്ക് ബസ്സാണ് എന്നതാണ് പ്രത്യേകത.
രണ്ട് ബസ്സുകൾക്കാണ് കെ എസ് ആർ ടി സി ഓർഡർ നൽകിയത്.അതിൽ ആദ്യത്തെ ബസ്സാണ് എത്തിയത്.സ്വിഫ്റ്റിന് കീഴിലാണ് ബസ്സ് വാങ്ങിയത്.അതിന് ശേഷം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന് കീഴാലാണ് ബസ്സിന്റെ പ്രവർത്തനം.മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകളാണ് ബസ്സിനുള്ളത്.കയറാനും ഇറങ്ങാനും രണ്ട് വാതിലുകളാണ് ഉള്ളത്.ഒന്ന് മുൻവശത്തും ഒന്ന് പിറക് വശത്തുമാണ്.
മുംബൈയിലെ സ്വിച്ച് മൊബിലിറ്റി എന്ന സ്ഥാപനത്തിൽ നിന്നാണ് ബസ് വാങ്ങിയത്.ഒരു കോടി 90 ലക്ഷം രൂപയാണ് ഒരു ബസ്സിന്റെ വില.ബസ്സിനകത്ത് അഞ്ച് ക്യാമറയുണ്ട്, ടിവിയുണ്ട്, മ്യൂസിക്ക് സിസ്റ്റമുണ്ട്.ഡെസ്റ്റിനേഷൻ കാണിക്കുന്ന എൽ ഇ ഡി ഡിസ്പ്ലേ ഉണ്ട്.ഓരോ സീറ്റിനടത്തും സ്റ്റോപ്പ് എന്ന ബട്ടൺ ഉണ്ട്.ആ ബട്ടണിൽ ഞെക്കി കഴിഞ്ഞാൽ യാത്രക്കാരന് ഇറങ്ങാനുണ്ടെന്ന നിർദ്ദേശം ഡ്രൈവർക്ക് ലഭിക്കും.
9.8 മീറ്ററാണ് ബസ്സിന്റെ ആകെ നീളം, രണ്ട് ചാർചിംഗ് പോയ്ന്റാണ് ബസ്സിനുള്ളത്.ഒരു മണിക്കൂർ കൊണ്ട് പൂർണനമായിട്ടുള്ള ചാർജ് ബസ്സിൽ കയറും.180 കിലോ മീറ്റർ മുതൽ 240 കിലോമീറ്ററിന് അകത്ത് വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കഴിയും എന്നതും ബസ്സിന്റെ പ്രത്യേകതയാണ്.പരമാവധി വേഗത 75 കിലോമീറ്റർ ആണെങ്കിലും നിലവിൽ ക്രമീകരിച്ചിരിക്കുന്നത് 60 കിലോമീറ്റർ ആണ്.
അതേ സമയം, നവ കേരള സദസ്സിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നവ കേരള ബസ്സിന്റെ നിറം തന്നെയാണ് ഈ ബസ്സിനും നൽകിയിരിക്കുന്നത്.പെട്ടെന്ന് നോക്കുമ്പോൾ നവ കേരള ബസ്സാണെന്ന് തോന്നും.തിരുവനന്തപുരത്തെ പ്രധാന ഡെസ്റ്റിനേഷനുകൾ ബസ്സിൽ വരച്ച് വെച്ചിട്ടുണ്ട്.