ആലപ്പുഴ: ജില്ലയിലെ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ക്ഷയരോഗ ഗവേഷണ-രോഗ പ്രതിരോധ-ചികിത്സ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്) സെന്‍ട്രല്‍ ടി.ബി. ഡിവിഷനും ആലപ്പുഴ ജില്ലാ ടി.ബി. കേന്ദ്രവും സംയുക്തമായാണ് പുതിയ ഗവേഷണ-രോഗ പ്രതിരോധ-ചികിത്സാ പദ്ധതി ആരംഭിച്ചത്.
ഐ.സി.എം.ആര്-എന്‍.ഐ.വി കേരള യൂണിറ്റിന്റെ നേതൃത്വത്തിലാണ് രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ആരോഗ്യ വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ രോഗസാധ്യതയുള്ള എല്ലാ വിഭാഗം ആളുകളെയും പരിശോധിക്കുകയും ടി.ബി. കണ്ടെത്തുന്ന എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ആറു മാസത്തെ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്ന രോഗത്തെ ജില്ലയില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു പരിശീലന പരിപാടി ഉദ്ഘടാനം ചെയ്തു. പ്രൊജക്റ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.ജി. രതീഷ് ബാബു, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. എം.എം. ഷാനി, എന്‍.ഐ.വി കേരള യൂണിറ്റിലെ ഡോ.എന്‍ ശ്രുതി, ഡോ.എസ്.സിബ, കുടുംബശ്രീ അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷന് കോ-ഓര്‍ഡിനേറ്റര്‍ സേവിയര്‍, പ്രൊജക്റ്റ് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.