തിരുവനന്തപുരം : ഭാരതം എന്താണെന്നും അതിന്റെ ശക്തി എത്രമാത്രമാണെന്നും ലോകം ഇപ്പോൾ തിരിച്ചറിയുകയാണെന്ന് കേന്ദ്രമന്ത്രി ഡോ.എസ്.ജയശങ്കർ. മൂന്നാമത് പി.പരമേശ്വരൻ അനുസ്മരണ സമ്മേളനത്തിൽ നീതിയുക്തമായ ലോകക്രമത്തിന് രൂപം നൽകുന്നതിൽ ഭാരതത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ന് ഇന്ത്യ ശ്രദ്ധാ കേന്ദ്രമാണ്.
ഡിജിറ്റൽ പണമിടപാട് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. അർഹതപ്പെട്ടവരിലേക്ക് ആനുകൂല്യം കൃത്യമായി എത്തിക്കാൻ ഇതിലൂടെ സാധിച്ചു. കാലാവസ്ഥ ഉച്ചകോടികളിൽ പ്രായോഗികവും ന്യൂതനവുമായ ആശങ്ങൾ അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്-ജയശങ്കർ കൂട്ടിച്ചേർത്തു. പ്രഭാഷണത്തിനു ശേഷം വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം സംവദിച്ചു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സജ്ജയൻ അദ്ധ്യക്ഷനായി. കേന്ദ്ര മന്ത്രി വി. മുരളീധരൻ, കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഡയറക്ടർ എ.ബാലകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ഡോ. സി.വി.ജയമണി, വൈസ് പ്രസിഡന്റ് എൻ.സന്തോഷ്കുമാർ, സെക്രട്ടറി രാജൻ പിള്ള എന്നിവർ പങ്കെടുത്തു.