തിരുവനന്തപുരം: ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകി തിരുവനന്തപുരം നഗരസഭ. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ സ്മാർട്ട് മുഖേനയാണ് ആദ്യ ജനനസർട്ടിഫിക്കറ്റ് നൽകിയത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെ കൊല്ലം കരുകോൺ സ്വദേശികളായ നൗഫൽ-ഷബ്ന ദമ്പതികൾക്ക് ജനിച്ച ആൺകുഞ്ഞിന്റെ പേരാണ് കെ സ്മാർട്ട് മുഖാന്തിരം ആദ്യമായി രജിസ്റ്റർ ചെയ്തത്. ജനനം നടന്ന് അല്പസമയത്തിനകം തന്നെ ആശുപത്രി കിയോസ്ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെസ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി.
റിപ്പോർട്ട് ലഭിച്ച് 10 മിനിട്ടിനകം തന്നെ പരിശോധിച്ച് ജനനം രജിസ്റ്റർ ചെയ്തു.സഹാൻ ഐബക്ക് ബിൻ നൗഫൽ എന്ന പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ രാജേന്ദ്രൻ നേരിട്ട് കിംസ് ആശുപത്രിയിലെത്തി മാതാപിതാക്കൾക്ക് കൈമാറി. കുഞ്ഞിനുള്ള സമ്മാനവും ഇതിനൊപ്പം നൽകി.
നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസും മേയർക്കൊപ്പമുണ്ടായിരുന്നു. നേരത്തെയും ഓൺലൈനിൽ രജിസ്ട്രേഷൻ ഉണ്ടായിരുന്നെങ്കിലും കുറഞ്ഞത് ഒരാഴ്ച സമയമെടുത്ത് മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നുള്ളൂ. കെ സ്മാർട്ട് വന്നതോടെ ഈ സമയപരിധി മണിക്കൂറുകളായി ചുരുങ്ങി.