പൂവാർ: കരുംകുളം പുതിയതുറയിൽ തെരുവുനായ ആക്രമണത്തിൽ 4-ാം ക്ലാസുകാരന് ഗുരുതര പരിക്ക്. തീരദേശത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ച് കുടഞ്ഞത്. കരുംകുളം പഞ്ചായത്തിൽ പുതിയതുറ ചെക്കിട്ടവിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ അജിത ദമ്പതികളുടെ മകൻ സ്റ്റിജോയെയാണ് (8) തെരുവ്നായ കടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4 ഓടെയാണ് സംഭവം.സ്കൂളിൽ നിന്ന് വന്നശേഷം ബീച്ച് റോഡിൽ കളിക്കാൻ പോകുന്ന വഴിക്കാണ് കൂട്ടമായെത്തിയ നായ്ക്കൾ കടിച്ചത്. കുട്ടിയുടെ കാൽമുട്ടിനു പിന്നിലും പിൻഭാഗത്തെ മാംസവും കടിച്ചെടുത്തു.
കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കുട്ടിയെ നായ്ക്കളിൽ നിന്ന് രക്ഷിച്ചത്. ശരീരത്തിൽ 12 ഓളം മുറിവുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.മുറിവ് ഗുരുതരമായതിനാൽ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.
.