ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു.
കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഇന്നലെയാണു പെൺകുട്ടിയുടെ പിതാവിനെ കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്.
ഇന്നലെ രാവിലെ 10.30 നു പശുമല ജംക്ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജംക്ഷനിൽ എത്തിയപ്പോൾ, കേസിലെ പ്രതി അർജുന്റെ പിതൃസഹോദരൻ പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാട്ടി. കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്തതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു കുത്തുകയായിരുന്നു.
തടസ്സം പിടിക്കാൻ എത്തുന്നതിനിടെയാണു മുത്തച്ഛനു തോളിൽ പരുക്കേറ്റത്. ഉടൻ ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു