മസ്കത്ത്: ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ നാലു ദിവസംവരെ മഴക്കും കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെയായിരിക്കും മഴ തുടങ്ങുക. മുസന്ദം ഗവർണറേറ്റ്, ഒമാൻ കടലിന്റെ തീരങ്ങൾ, ഹജർ പർവതനിരകളുടെ ചില ഭാഗങ്ങൾ, അവയുടെ സമീപ പ്രദേശങ്ങൾ, തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങൾ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. കാറ്റിന്റെ അകമ്പടിയോടെ മഴ ക്രമേണ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ തീരങ്ങളിലേക്കും വ്യാപിച്ചേക്കാം.
മുസന്ദം ഗവർണറേറ്റിലും തെക്ക്, വടക്ക് ശർഖിയ, ദാഖിലിയ, മസ്കത്ത്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലെ ഒമാൻ കടലിന്റെ തീരത്തും ശനിയാഴ്ച അഞ്ചു മുതൽ 15 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 18 മുതൽ 37 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റു വീശുക എന്ന് മുന്നറിയിപ്പിൽ പറയുന്നു. മുസന്ദം, ദോഫാർ ഗവർണറേറ്റുകളുടെ തീരങ്ങളിൽ തിരമാലകൾ 105മുതൽ 200 മീറ്റർവരെ ഉയർന്നേക്കും. തിങ്കളാഴ്ച വടക്കൻ ഗവർണറേറ്റുകളിലെ ഒമാൻ കടലിന്റെ തീരത്തും ചുറ്റുമുള്ള പർവതപ്രദേശങ്ങളിലും 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ കിട്ടിയേക്കും. മണിക്കൂറിൽ 10മുതൽ 46 കി.മീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു