ജിദ്ദ: വംശനാശം നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക പരിതഃസ്ഥിതിയിൽ പുനരധിവസിപ്പിക്കാനുള്ള ദേശീയ വന്യജീവി കേന്ദ്രം പരിപാടിയുടെ ഭാഗമായി നിയോമിലെ സംരക്ഷിത പ്രദേശത്തേക്ക് 132 മൃഗങ്ങളെ തുറന്നുവിട്ടു. ഈ ജീവികളെ പുനരധിവസിപ്പിക്കുകയും കാട്ടിലേക്ക് വിടുന്നതിന് മുമ്പ് പുതിയ അന്തരീക്ഷവുമായി അവ പൊരുത്തപ്പെട്ടെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
അറേബ്യൻ മാനുകൾ, കാട്ടാടുകൾ എന്നിവ വിട്ടയച്ചതിലുൾപ്പെടും. വിവിധ പ്രകൃതി സംരക്ഷണകേന്ദ്രങ്ങളിൽ മൃഗങ്ങളെ സംരക്ഷിക്കാൻ വിടുന്നതിന്റെ ഒരു വിപുലീകരണമാണ് നിയോമിലേതെന്ന് വന്യജീവി കേന്ദ്രം സി.ഇ.ഒ മുഹമ്മദ് കുർബാൻ പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന പ്രാദേശിക ജീവിവർഗങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കാനുമുള്ള പരിപാടിയുടെ ഭാഗമാണിത്.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള ദേശീയ തന്ത്രം നടപ്പാക്കുന്നതിനും രാജ്യത്തിന്റെ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്. ‘ഗ്രീൻ സൗദി അറേബ്യ’ സംരംഭങ്ങളെ ഇത് പ്രതിനിധീകരിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള നിയോമിന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് ഇത്രയും മൃഗങ്ങളെ സംരക്ഷിത മേഖലയിലെത്തിച്ചതെന്ന് നിയോം പ്രകൃതി സരംക്ഷണത്തലവൻ പോൾ മാർഷൽ പറഞ്ഞു. നിയോമിലെ 95 ശതമാനം ഭൂമിയും പ്രകൃതിക്ക് വേണ്ടി വിനിയോഗിക്കാനുള്ള പ്രതിബദ്ധതയിലാണ്.
പ്രകൃതി പരിതഃസ്ഥിതിയിൽ ജീവജാലങ്ങളെ സംരക്ഷിക്കുന്നതിൽ ഒരു ആഗോള മാതൃകയാകാൻ ശ്രമിക്കുകയാണ്. 25000 കി.മീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്നതാണ് നിയോം പ്രകൃതി സംരക്ഷിത പ്രദേശം. സന്തുലിത ആവാസവ്യവസ്ഥ നൽകാനും അതിന്റെ ജൈവവൈവിധ്യം വർധിപ്പിക്കാനുമാണ് ഇതിലൂടെ നിയോം ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു