ജിദ്ദ: സൗദിയിൽ 4000ത്തിലധികം പ്രതിഭകൾക്ക് ചലച്ചിത്ര നിർമാണത്തിൽ പരിശീലനം നൽകുന്നു. സിനിമ വ്യവസായത്തിൽ താൽപര്യമുള്ളവരും തുടക്കക്കാർക്കും പ്രഫഷനലുകൾക്കും പരിശീലനം നൽകാനുള്ള ‘ഫിലിം മേക്കേഴ്സ്’ പ്രോഗ്രാമുകൾ സൗദി ഫിലിം കമീഷനാണ് ആരംഭിക്കുന്നത്. സിനിമ നിർമാണത്തിൽ സൗദിയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാലാം പതിപ്പാണിത്.
സിനിമ നിർമാണത്തിൽ പരിശീലനം നൽകാനും സൗദിയിലെ 13 മേഖലകളിൽ 150 പരിശീലന ശിൽപശാലകൾ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. നിലവിലെ പതിപ്പിൽ ‘പ്രതിഭ വികസനത്തിന്’ രണ്ട് പ്രോഗ്രാമുകൾ അതോറിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി അന്തർദേശീയ-പ്രാദേശിക സ്ഥാപനങ്ങൾ, സർവകലാശാലകൾ, ചലച്ചിത്ര നിർമാണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പരിശീലനം നൽകി പ്രാദേശിക പ്രതിഭകളെ കണ്ടെത്താനും പിന്തുണക്കാനും അവരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനും ഇതിലൂടെ ശ്രമിക്കും. സിനിമ പ്രഫഷനലുകളും പ്രാക്ടീഷനർമാരും ഉൾപ്പെടെ 50 ചലച്ചിത്ര പ്രവർത്തകർക്ക് പ്രഫഷനൽ ഫീൽഡ് പരിശീലന അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ‘കേഡർ പ്രോഗ്രാമിന്റെ’ ആദ്യ പതിപ്പ് അവതരിപ്പിക്കാൻ അതോറിറ്റി ഉദ്ദേശിക്കുന്നു.
സിനിമാറ്റിക് ടൂളുകൾ ഉപയോഗിച്ച് ട്രെയിനികളെ ശാക്തീകരിക്കുന്നതിനും അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളുമായി സഹകരിച്ചും നിലവിലെ സിനിമാറ്റിക് പ്രോജക്ടുകളിൽ അവരെ ഉൾപ്പെടുത്തി 21 ദിവസത്തിനുള്ളിൽ സിനിമ വ്യവസായത്തിനുള്ളിലെ ഒന്നിലധികം സ്പെഷലൈസേഷനുകളിൽ കഴിവുകൾ തെളിയിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് പ്രാദേശിക സിനിമയെ അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഫിലിം മേക്കേഴ്സ് പ്രോഗ്രാമിന്റെ മുൻ പതിപ്പുകൾ 62ലധികം പരിശീലന കോഴ്സുകൾ നടത്തുകയും 2400ലധികം ട്രെയിനികളെ പരിശീലിപ്പിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു