മനാമ: ലോകത്തിലെ സാഹസികരായ കായികപ്രേമികളെ മുഴുവൻ സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലേക്കാകർഷിച്ചുകൊണ്ട് വിഖ്യാതമായ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 മത്സരങ്ങൾ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ നടക്കും.
ഈ വർഷം ഫോർമുല വൺ 20ാം വാർഷികത്തോടനുബന്ധിച്ച് ഗംഭീരമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിൽ ചരിത്രസ്മരണകൾ നിലനിർത്തി വിനോദവും സാഹസികതയും സമഞ്ജസമായി സമ്മേളിക്കുന്ന കായികവിനോദത്തെ അടയാളപ്പെടുത്താനാണ് സർക്യൂട്ട് ആഗ്രഹിക്കുന്നത്. ബഹ്റൈൻ അവന്യൂസിൽ ബി.ഐ.സി സംഘടിപ്പിച്ച ഔദ്യോഗിക ലോഞ്ച് ചടങ്ങിൽ ഗ്രാൻഡ് പ്രീയുടെ കൗണ്ട്ഡൗൺ പ്രഖ്യാപിച്ചു.
ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ബി.ഐ.സി ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫ, ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടിവ് ക്യാപ്റ്റൻ വലീദ് അൽ അൽവായ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു. ശൈഖ് സൽമാനും ക്യാപ്റ്റൻ വലീദ് അൽ അലവിയും ചേർന്ന് 2004, 2024 എഫ്1 ഷോ കാറുകൾ അനാവരണം ചെയ്തു.ഇതിഹാസ എഫ്1 കമന്റേറ്റർ ഡേവിഡ് ക്രോഫ്റ്റും മാധ്യമപ്രവർത്തകൻ ഇമ്രാൻ അൽ അരാദിയും ആതിഥേയത്വം വഹിച്ച ചടങ്ങിൽ എഫ്1 സി.ഇ.ഒ സ്റ്റെഫാനോ ഡൊമെനിക്കാലി, മക്ലാരൻ എഫ്1 ടീം സൂപ്പർസ്റ്റാർ ലാൻഡോ നോറിസ് എന്നിവർ വിഡിയോ സന്ദേശങ്ങൾ നൽകി.
സീസണിന് തുടക്കംകുറിച്ചുകൊണ്ടുള്ള ആവേശകരമായ റേസിന് മുന്നോടിയായി ഫെബ്രുവരി 21 മുതൽ 23 വരെ മൂന്നുദിവസത്തെ F1 അരാംകോ പ്രീ-സീസൺ ടെസ്റ്റിങ് 2024 ന് ബി.ഐ.സി ആതിഥേയത്വം വഹിക്കും. ബഹ്റൈൻ ജി.പി സൂപ്പർഫാൻ വിജയിയായി നാസർ ജനാഹിയെ തെരഞ്ഞെടുത്തു. ഗ്രാൻഡ് പ്രിയോടനുബന്ധിച്ച് സ്റ്റേജ് ഷോകൾ, കാർണിവൽ റൈഡുകൾ തുടങ്ങി നിരവധി വിനോദപരിപാടികളും നടക്കും. നിരവധി വിഖ്യാത എന്റർടെയ്നർമാരും എത്തും.
നിക്കലോഡിയൻ റോക്ക്സ് എന്ന തലക്കെട്ടിൽ സ്റ്റേജ് ഷോയും നടക്കും. കാർണിവൽ റൈഡുകളിൽ ഭീമാകാരമായ ഫെറിസ് വീൽ ഉൾപ്പെടെയുണ്ടാകും.ഗ്രാൻഡ് പ്രിക്സിലേക്കുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റുതീർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും bahraingp.com സന്ദർശിക്കുക അല്ലെങ്കിൽ BIC ഹോട്ട്ലൈനിൽ +973-17450000-ൽ വിളിക്കുക.
ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി
ആഗോള സ്പോർട്സ് ടൂറിസം ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനമുറപ്പിച്ച മത്സരം – ടൂറിസം മന്ത്രി
മനാമ: ആഗോള സ്പോർട്സ് ടൂറിസം ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനമുറപ്പിച്ച മത്സരമെന്നനിലയിൽ ഫോർമുല 1 അതീവ പ്രധാനമാണെന്ന് എഫ്1 ലോഞ്ചിൽ സംസാരിക്കവെ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. 2004 മുതൽ, ആഗോള സ്പോർട്സ് ടൂറിസം ഭൂപടത്തിൽ ബഹ്റൈനിന്റെ സാന്നിധ്യമുണ്ട്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി ചേർത്താണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോർമുല 1 ടൂറിസം മേഖലയിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. 2022ൽ, എല്ലാ റേസ് ദിവസങ്ങളിലുമായി 98,000 വിനോദസഞ്ചാരികളും പ്രധാന റേസ് ദിവസം മാത്രം 35,000 പേരും ഇവിടെയെത്തി. 2023ൽ മൊത്തം റേസ് ദിവസങ്ങളിൽ 99,500 പേരും പ്രധാന റേസ് ദിനം 36,000 പേരുമെത്തി. ഈ വർഷം ഇതിലുമധികം കായികപ്രേമികളെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു