ന്യൂഡൽഹി∙ സാമ്പത്തിക തർക്കത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവെയിപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ശരദ് മൊഹോൽ എന്ന ഗുണ്ടയാണു സംഘാംഗങ്ങളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പുണെയിലെ കോത്റുഡിലെ ഒരു ഇടവഴിയിൽവച്ച് സംഘം ശരദ് മൊഹോലിനെ വെടിവയ്ക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിയേറ്റു വീണ ശരദ് മൊഹോലിനെ സഹായികൾ സഥലത്തുനിന്നു മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ആശുപത്രിയിൽ വച്ചാണു ശരദ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 1.30നാണു സംഭവം നടന്നത്. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടെണ്ണം വലതു തോളിലും തുളഞ്ഞുകയറി. സംഭവം നടന്ന ദിവസം മൊഹോലിന്റെ വിവാഹ വാർഷികമായിരുന്നെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ എട്ടുപേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നു തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു