ഷാർജ: യങ്മൻ ക്രിസ്റ്റ്യൻ അസോസിയേഷന്റെ (വൈ.എം.സി.എ) മിഡിലീസ്റ്റിലെ ആദ്യ ശാഖയായ വൈ.എം.സി.എ ഷാർജ 20ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഷാർജയിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആധ്യാത്മീയ സംഘടനകളെയും, പ്രാർഥന ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ച് ഈ മാസം 20ന് രാവിലെ ഷാർ വർഷിപ് സെന്റർ ഹാളിലാണ് മത്സരം.
രാവിലെ 10 മുതൽ 12.30 വരെയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. 20ാം വാർഷിക സമാപന സമ്മേളനം ജനുവരി 27ന് ശനിയാഴ്ച വൈകീട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. 6.30ന് പൊതുസമ്മേളനം ആരംഭിക്കും. വൈ.എം.സി.എ-ഇന്ത്യ നാഷനൽ ഭാരവാഹികൾ, യു.എ.ഇയിലെ പ്രമുഖ വ്യക്തികൾ, വിവിധ മത-സാംസ്കാരിക നേതാക്കൾ, ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ, ഷാർജയിലെ എല്ലാ ക്രൈസ്തവ ദേവാലങ്ങളിലെയും വൈദികർ, സാമൂഹിക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും. 7.45 മുതൽ 9.30 വരെ നടക്കുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാമിൽ യു.എ.ഇയിലെ 20 ഗായകസംഘങ്ങളിൽനിന്നുമുള്ള 70 അംഗങ്ങളും കേരളത്തിൽനിന്നുള്ള പ്രശസ്ത ഗായകർ നയിക്കുന്ന ഒരു മെഗാ ക്വയറും നടക്കും. ക്രിസ്ത്യൻ കലാരൂപങ്ങൾ ഒന്നിപ്പിച്ചുള്ള സംഗീത ശിൽപവും ഉണ്ടായിരിക്കും. കുര്യൻ തോമസ് പ്രസിഡന്റായുള്ള വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജനറൽ കൺവീനർ ജോൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള 75 അംഗങ്ങളുള്ള വിവിധ കമ്മിറ്റികളാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു