ദോഹ: ‘ഒട്ടകത്തിന് തലചായ്ക്കാൻ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്’ ഏഷ്യൻ കോൺഫെഡറേഷനിലേക്ക് ക്ഷണിച്ചിരുത്തിയ ആസ്ട്രേലിയക്കു മുന്നിൽ മറ്റു ടീമുകളുടെ അവസ്ഥ എന്നു പറഞ്ഞാൽ തെറ്റില്ല. കളിയിലും കരുത്തിലും ഏറെ മുന്നിലുള്ള വിരുന്നകാർ വൻകരയിലെ തലപ്പൊക്കമുള്ളവരായി മാറിയപ്പോൾ അവർക്ക് മുന്നിൽ പെടാതെ മാറിനടക്കേണ്ട ഗതിയായി എതിരാളികൾക്ക്.
ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളുമ്പോൾ ആരാധക മനസ്സിൽ ഉയരുന്ന പതിവ് ചോദ്യങ്ങളിലൊന്നാണ് ഓഷ്യാനിയക്കാരായ ആസ്ട്രേലിയ എങ്ങനെ ഏഷ്യൻ കപ്പിന്റെ ഭാഗമായെന്നത്. വൻകരക്ക് പുറത്താണ് സ്ഥാനമെങ്കിലും 2006 മുതൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഭാഗമാണ് സോക്കറൂസ് എന്ന വിളിപ്പേരുകാരായ ആസ്ട്രേലിയ. ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനക്കാർ, ഏഷ്യൻ റാങ്കിങ്ങിൽ നാലാമതും. ഇത്തവണ ഇന്ത്യകൂടി ഉൾപ്പെടുന്ന ഗ്രൂപ് ‘ബി’യിൽ അവരെത്തുമ്പോൾ നമ്മുടെ ആരാധകർക്കും തലവേദനയാണ്. ദീർഘകാലം ഓഷ്യാനിയയുടെ ഭാഗമായിരുന്ന ആസ്ട്രേലിയക്ക് ലോകകപ്പ് യോഗ്യതയെന്നത് പ്ലേ ഓഫ് കടമ്പയിൽ അവസാനിക്കുന്ന ഒരു ദുരന്തം കൂടിയായിരുന്നു. എന്നും പ്ലേ ഓഫിൽ ലാറ്റിനമേരിക്കൻ കരുത്തർക്കു മുന്നിൽ ഏറ്റുമുട്ടി കീഴടങ്ങുന്നവർക്ക്, 2006ലെ എ.എഫ്.സി പ്രവേശനം വഴിത്തിരിവായി. ആ വർഷം ലാറ്റിനമേരിക്കൻ പ്ലേ ഓഫിലൂടെ തന്നെ ലോകകപ്പിന് ഇടം നേടിയവർ പിന്നീടുള്ള എല്ലാ ലോകകപ്പിലും എ.എഫ്.സിയിൽനിന്നും നേരിട്ട് പ്രവേശനം ഉറപ്പിച്ചു. ആസ്ട്രേലിയൻ ഫുട്ബാളിന്റെ വളർച്ചയിലും കോൺഫെഡറേഷൻ മാറ്റം ശ്രദ്ധേയമായെന്നാണ് വിലയിരുത്തൽ. എന്തായാലും, വൻകരക്ക് പുറത്തുനിന്നും കരുത്തരായൊരു ടീമിന്റെ വരവ് തങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് പറയുന്നവരും കുറവല്ല.
2007 മുതൽ ഏഷ്യൻ കപ്പിലെ പതിവ് സംഘമാണ് സോക്കറൂസ്. പങ്കെടുത്ത നാല് ടൂർണമെൻറുകളിൽ ഒരു തവണ ജേതാക്കളും (2015), ഒരു തവണ റണ്ണേഴ്സ് അപ്പും (2011), രണ്ടു തവണ ക്വാർട്ടർ ഫൈനലിസ്റ്റുകളുമായി. ഇത്തവണ മുൻതാരം കൂടിയായ പരിശീലകൻ ഗ്രഹം അർനോൾഡിനു കീഴിലെത്തുന്ന ആസ്ട്രേലിയ കൂടുതൽ അപകടകാരികളാണ്. വൻകരയുടെ സുൽത്താന്മാരായ ജപ്പാനും ദക്ഷിണ കൊറിയക്കും ഇറാനുമൊപ്പം കളിമികവിൽ ഒരുപടി മുന്നിൽ തന്നെ സ്ഥാനമുറപ്പിക്കുന്നവർ. ഒരു വർഷം മുമ്പ് ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ പ്രീക്വാർട്ടർവരെ എത്തി എതിരാളികളെ വിറപ്പിച്ച് മടങ്ങിയ സോക്കറൂസ് ഏഷ്യൻ കപ്പിൽ കൂടുതൽ അപകടകാരികളാകുമെന്നതിൽ സംശയമില്ല.
ലോകകപ്പിൽ കണ്ട വീര്യം
കഴിഞ്ഞ ലോകകപ്പിന്റെ പ്ലേഓഫ് റൗണ്ടിൽ പെറുവിനെ കീഴടക്കിയ പ്രകടനം കണ്ടവരാരും സോക്കറൂസിന്റെ സാധ്യതകൾ തള്ളില്ല. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് മത്സരങ്ങൾ കളിച്ചു ജയിച്ച് ലോകകപ്പിന് യോഗ്യത നേടിയവരുടെ പ്രകടനം എതിരാളികളെ അമ്പരപ്പിച്ചു. രണ്ടാം േപ്ല ഓഫ് മത്സരത്തിൽ പെറുവിനെതിരെ 120 മിനിറ്റും ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരം. എതിരാളികൾക്ക് ഒരുതവണ പോലും ഗോൾഷോട്ട് അനുവദിക്കാതെ പിടിച്ചുകെട്ടിയ അങ്കത്തിൽ ആസ്ട്രേലിയയുടെ മൈൻഡ് ഗെയിമിനെ പ്രശംസിച്ചവരാണ് തെക്കനമേരിക്കയിൽനിന്നുള്ള മാധ്യമപ്രവർത്തകരും.
എക്സ്പീരിയൻസാണ് മെയിൻ
നേരത്തെ ആസ്ട്രേലിയൻ സോക്കർ ലീഗായ ‘എ ലീഗി’ലെ താരങ്ങളായിരുന്നു ടീമിന്റെ കരുത്തെങ്കിൽ ഇന്ന് റേഞ്ച് അതിനും മുകളിലാണ്. ടീമിൽ വലിയൊരു പങ്കും യൂറോപ്യൻ ക്ലബുകളിൽ ഭാഗമായവർ. ഇത്തവണ ഏഷ്യൻ കപ്പിനുള്ള 26 പേരുടെ സംഘത്തിൽ നാലു പേർ മാത്രമാണ് ‘എ ലീഗ്’ ക്ലബുകളിൽനിന്നുള്ളത് എന്നത് ശ്രദ്ധേയമാണ്. 36കാരനായ മെൽബൺ വിക്ടറി ഫോർവേഡ് ബ്രൂണോ ഫോർനറോളി മാത്രമാണ് സർപ്രൈസ് കാൾ. സൗദി ക്ലബ് അൽ വഹ്ദയുടെ ക്രെയ്ഗ് ഗുഡ്വിൻ, ഗോൾ മെഷീൻ മിച്ചൽ ഡ്യൂക്, പുതുമുഖക്കാരായ ജോൺ ഇറാഡെയ്ൽ, കുസിൻ യെങ്കി എന്നിവർ മുന്നേറ്റനിരയിൽ താരങ്ങളായെത്തുന്നു. വല കാക്കാൻ പരിചയ സമ്പന്നനായ നായകൻ മാത്യൂ റ്യാന്റെ സാന്നിധ്യം കരുത്തു പകരും. പ്രതിരോധത്തിൽ പരിചയസമ്പന്നായ മെൽബൺ സിറ്റി താരം അസിസ് ബെഹിച്, ലെസ്റ്ററിന്റെ ഹാരി സൗറ്റർ എന്നിവർക്കൊപ്പം ഒരുപിടി യുവതാരങ്ങൾക്കും കോച്ച് ഗ്രഹാം അർനോൾഡ് അവസരം നൽകുന്നു.
മധ്യനിരയിൽ കളിമെനയാൻ മിടുക്കാരായ ജാക്സൻ ഇർവിൻ, ഐയ്ഡൻ ഒനിൽ, റിലേ മക്ഗ്രീ, കോണോർ മെറ്റ്കാഫ് എന്നിവരുടെ സാന്നിധ്യം ഏത് എതിരാളികളെയും ഭയപ്പെടുത്തുന്നതാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു