കുവൈത്തിലെ ശൈത്യകാല വിരുന്നുകാരാണ് പുള്ളിമീൻ കൊത്തികൾ. ഏഷ്യയിലും ആഫ്രിക്കയിലും സുലഭമായി കാണാവുന്ന മീൻകൊത്തിയാണ് ഇവ. കുവൈത്തിൽ എത്തുന്ന മീൻകൊത്തികളിൽ ഏറ്റവും വലുപ്പമേറിയതും ഇവയാണ്. വെള്ളയും കറുപ്പും ഇടകലർന്ന തൂവൽ കുപ്പായമുള്ള പുള്ളിമീൻ കൊത്തിക്ക് തലയിൽ തൂവലുകൾ കൊണ്ട് ചെറിയ കിന്നരി തൊപ്പിയും ഉണ്ട്. നിറത്തിൽ ആൺ പെൺ കിളികൾ ഒരേപോലെ തോന്നുമെങ്കിലും ആൺ കിളിക്ക് നെഞ്ചിൽ രണ്ടു കറുപ്പ് പട്ടയും പെൺ കിളിക്ക് ഒരു കറുപ്പുപട്ടയും ആണുള്ളത്.
മീൻകൊത്തികളിലെ ഏക വെള്ള കറുപ്പന്മാരും ഇവരാണ്. മീൻപിടിക്കുന്നതിൽ അതിവിദഗ്ധനാണ് പുള്ളിമീൻകൊത്തി. ചെറിയ മീനുകളാണ് മുഖ്യ ആഹാരം. കാറ്റിന്റെ സഹായമില്ലാതെ വായുവിൽ നിശ്ചലമായി ചിറകടിച്ചു നിൽക്കാൻ ഇവക്ക് സാധിക്കും. ഇങ്ങനെ നിൽക്കുന്ന ഏറ്റവും വലിയ പക്ഷിയാണിവ. മറ്റു മീൻകൊത്തികൾക്ക് ഈ കഴിവ് ഇല്ല. എട്ടിന്റെ ആകൃതിയിൽ ചിറകുകൾ ചലിപ്പിച്ച് വെള്ളത്തിന് മുകളിൽ നിശ്ചലമായിനിന്ന് ഇരയെ ലക്ഷ്യമാക്കി ചാട്ടുളി പോലെ കുതിച്ചാണ് മീൻപിടിത്തം.
മറ്റു മീൻകൊത്തികളെ അപേക്ഷിച്ച് ചെറിയ മീനുകളെ പറന്നുകൊണ്ടുതന്നെ തിന്നാനുള്ള കഴിവുമുണ്ട്. ഇതുകൊണ്ട് തന്നെ ഇടവേളകൾ എടുക്കാതെ കടലിലും മറ്റും പറന്നു നടന്നു നിരന്തരമായി വേട്ടയാടാൻ ഇവക്ക് കഴിയുന്നു. ശരവേഗക്കാരായ ഇവർ നേർരേഖയിൽ പറക്കുമ്പോൾ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാറുണ്ട്.
സഹവാസ ശീലമുള്ള പക്ഷികൾ ആണ് പുള്ളിമീൻകൊത്തികൾ. ജോടികളായോ കൂട്ടങ്ങളായോ ആണ് ഇവ വസിക്കുന്നത്. പുഴക്കോ അരുവിക്കോ അടുത്ത് ഉള്ള കുത്തനെയുള്ള മൺതിട്ടകളിൽ നാലുമുതൽ അഞ്ചുവരെ മീറ്റർ നീളത്തിൽ ഉള്ള മാളങ്ങൾ നിർമിച്ചാണ് പ്രജനനം. എന്നാൽ മാളങ്ങളിൽ ഇവ അടയിരിക്കാൻ അല്ലാതെ കയറാറില്ല. ഏതെങ്കിലും ചില്ലകളിൽ ആകും വിശ്രമവും മറ്റും നടത്തുക. Ceryle rudis എന്നാണ് ശാസ്ത്രീയ നാമം.
കുവൈത്തിൽ എവിടെ കാണാം –
ജഹ്റ റിസർവിൽ സ്ഥിരം സന്ദർശകരാണ് ഇവർ. മീൻ വളർത്തുന്ന തടാകങ്ങൾ ഉള്ള സുലൈബിയ,വഫ്ര,കബ്ധ് എന്നിവിടങ്ങളിലെ ഫാമുകളിലും പുള്ളിമീൻകൊത്തിയെ കാണാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു