കുവൈത്ത് സിറ്റി: ഡിസംബർ കഴിഞ്ഞു, ജനുവരി എത്തി എന്നിട്ടും രാജ്യത്ത് തണുപ്പ് വേണ്ട രൂപത്തിൽ എത്തിയില്ല. കുവൈത്തിൽ മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയമാണ് ഇത്. പുറംകുപ്പായവും തൊപ്പിയും മഫ്ളറും കൈയുറകളും വരെ ധരിച്ച് ആളുകൾ പുറത്തിറങ്ങിയിരുന്ന സമയം.
എന്നാൽ നിലവിൽ ഡിസംബറിലും ജനുവരിയിലെ കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് വലിയ തണുപ്പ് അനുഭവപ്പെട്ടില്ല. രാത്രി മാത്രമാണ് കനത്ത തണുപ്പിലേക്ക് പ്രവേശിക്കുന്നത്. അതും മുൻ വർഷങ്ങളെ കണക്കിലെടുക്കുമ്പോൾ കുറവാണ്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ രാജ്യത്ത് കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. തണുപ്പു കുറഞ്ഞതോടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആഴ്ചയിൽ ഏഴ് ബാഗ് കരികള്‍ വരെ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഒരു ബാഗ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കച്ചവടം കുറഞ്ഞതിനാല്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. തണുപ്പ് കുറഞ്ഞത് ക്യാമ്പിങ് സീസണിനെയും ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് മുൻ വർഷങ്ങൾക്കു സമാനമായി ഇത്തവണ മഴയും പെയ്തിട്ടില്ല. അതേസമയം, വരും ദിവസങ്ങളിൽ തണുപ്പുകൂടുമെന്നാണ് സൂചന. മുറബ്ബാനിയ്യ സീസണ് അവസാനത്തോട് അടുക്കുകയാണ്. ആകാശത്ത് ശൗല നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ രാജ്യം കൊടും തണുപ്പിലേക്ക് പ്രവേശിക്കും. 13 -ദിവസം നീണ്ടു നില്ക്കുന്ന സീസണിൽ താപനിലയില്‍ കുത്തനെയുള്ള കുറവുണ്ടാകും. പകൽ ദൈർഘ്യം കുറയുകയും രാത്രി സമയം കൂടുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു