ദുബൈ: ഫലസ്തീൻ ജനതയെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ മന്ത്രിമാർ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഇസ്രായേൽ ധനകാര്യമന്ത്രി ബിസാലിൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിർ എന്നിവരാണ് ഗസ്സയിൽ അധിനിവേശം നടത്താനും കൈയേറ്റം നടത്തി ജനവാസകേന്ദ്രങ്ങൾ നിർമിക്കാനും ആവശ്യപ്പെട്ടത്. അപകടകരമായ പ്രസ്താവനയെയും മേഖലയിൽ കൂടുതൽ അസ്ഥിരതയും ഭീഷണിയും സൃഷ്ടിക്കുന്നതുമായ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ എല്ലാ നടപടികളെയും തള്ളുന്നതായി പ്രസ്താവനയിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഗസ്സയിൽ അടിയന്തരമായി രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് മാനുഷിക വെടിനിർത്തൽ നടപ്പാക്കണം.
അതോടൊപ്പം മേഖലയിലേക്ക് ജീവകാരുണ്യ സഹായങ്ങൾ സുരക്ഷിതമായും സുസ്ഥിരമായും എത്തിക്കാനുള്ള സാഹചര്യവുമൊരുങ്ങണം. പ്രത്യേകിച്ച് രോഗികളും കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കമുള്ള ദുർബലരെ സംരക്ഷിക്കുന്നതിന് നടപടി വേണം -പ്രസ്താവന ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതി പ്രമേയങ്ങൾ പൂർണമായും അടിയന്തരമായി നടപ്പാക്കാൻ നടപടിയുണ്ടാകണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ ജീവനഷ്ടം ഒഴിവാക്കുന്നതിന് അടിയന്തര വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പരിശ്രമം സജീവമാക്കണം, അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തെ സാഹചര്യം കൂടുതൽ രൂക്ഷമാകുന്നത് തടയണം, സമഗ്രവും നീതിപൂർണവുമായ സമാധാനത്തിന് ശ്രമം സജീവമാക്കണം, അക്രമം മേഖലയിൽ വ്യാപിക്കുന്നത് തടയാൻ നടപടിയുണ്ടാകണം എന്നീ ആവശ്യങ്ങളും പ്രസ്താവനയിൽ മന്ത്രാലയം ഉയർത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു