വർക്കല: പാപനാശത്ത് യുവതിയുടെ ആത്മഹത്യശ്രമം കൂട്ടബലാത്സംഗത്തിന് ഇരയായതിനാലെന്ന് മൊഴി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയുടെ മൊഴി വർക്കല പൊലീസ് രേഖപ്പെടുത്തി. കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് യുവതിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ള തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുമെന്നറിയുന്നു. ജനുവരി മൂന്നിന് ഉച്ചക്ക് ഒന്നേമുക്കാലോടെ പാപനാശം ഹെലിപ്പാഡിലെ കുന്നിൽനിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു.
കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നാണ് രക്ഷിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
READ ALSO…,പറക്കുന്നതിനിടെ വിമാനത്തിന്റെ ഡോർ തകർന്നു; അടിയന്തര ലാൻഡിങ്ങ് നടത്തി അലാസ്ക എയർലൈൻസ്
സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ യുവതിക്ക് ജ്യൂസിൽ ലഹരി കലർത്തി നൽകിയെന്നും തുടർന്ന് പലയിടങ്ങളിൽ കൊണ്ടുപോയി നാല് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നും മൊഴിയിലുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യശ്രമമെന്ന് കണക്കാക്കിയിരുന്ന കേസിലാണ് യുവതിയുടെ മൊഴി നിർണായകമായത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതപ്പെടുത്തി. ബന്ധുക്കളെത്തി യുവതിയെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു