അബൂദബി: അബൂദബിയിലെ അല്‍ മരിയ ദ്വീപിനെ അല്‍ സഹിയ ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തിങ്കളാഴ്ച മുതല്‍ ഒരു മാസക്കാലത്തേക്ക് അടച്ചിടും. ജനുവരി എട്ടു മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ് അല്‍ സഹിയയിലെ സായിദ് ഫസ്റ്റ് സ്ട്രീറ്റില്‍നിന്ന് അല്‍ മരിയ ദ്വീപിലേക്കുള്ള അല്‍ മരിയ സ്ട്രീറ്റ് പാലം അടച്ചിടുകയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിനും റോഡിന്റെ നവീകരണത്തിനുമായാണ് നടപടി. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ്, റോസ് വുഡ് അബൂദബി ഹോട്ടല്‍, ദ ഗലേറിയ മാള്‍, ക്ലീവ് ലാന്‍ഡ് ക്ലിനിക് തുടങ്ങി ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളുള്ള അല്‍ മരിയ ദ്വീപ് അബൂദബിയുടെ സാമ്പത്തികകേന്ദ്രമായാണ് അറിയപ്പെടുന്നത്. ഈ റോഡ് 2023ന്റെ തുടക്കത്തില്‍ രണ്ടാഴ്ച അടച്ചിട്ടിരുന്നു.
ടൂറിസ്റ്റ് ക്ലബ് ഏരിയ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അല്‍ സഹിയ ജില്ല അബൂദബിയുടെ യഥാര്‍ഥ വിനോദമേഖലയാണ്. വാര്‍ഷിക കപ്പലോട്ട മത്സരം കാണാന്‍ യു.എ.ഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് സ്ഥിരമായി ഇവിടെയെത്തിയിരുന്നു. നഗരത്തിലാദ്യമായി സ്റ്റീല്‍ ചട്ടക്കൂടില്‍ നിര്‍മിച്ച ലേ മെറിഡിയന് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു