ദുബൈ: എമിറേറ്റിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രചെയ്യാൻ ഉപയോഗിക്കുന്ന നോൾ കാർഡിൽ മിനിമം റീചാർജ് 20 ദിർഹമായി ഉയർത്തി. നിലവിൽ അഞ്ചു ദിർഹമായിരുന്നു മിനിമം റീചാർജ്. എന്നാൽ, ഈ മാസം 15 മുതൽ 20 ദിർഹം നൽകിയാൽ മാത്രമേ റീചാർജ് ചെയ്യാനാവൂ. കാർഡിലെ മിനിമം ബാലൻസ് 7.50ൽനിന്ന് 15 ദിർഹമായും വർധിപ്പിച്ചിട്ടുണ്ട്. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വെള്ളിയാഴ്ച എക്സിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബൈ മെട്രോ, ബസ്, ട്രാം, ബോട്ടുകൾ എന്നിവ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാനായി പ്രീപെയ്ഡ് സ്മാർട്ട് കാർഡ് എന്ന നിലയിൽ ആർ.ടി.എ പുറത്തിറക്കുന്ന നോൾ കാർഡാണ് യാത്രക്കാർ ഉപയോഗിക്കുന്നത്. ടാക്സികൾ, വാഹനപാർക്കിങ്, പൊതു പാർക്കുകളിലെ പ്രവേശന ഫീസ്, ഇത്തിഹാദ് മ്യൂസിയം, നഗരത്തിലെ 2000ത്തിലധികം വരുന്ന ഷോപ്പുകൾ, റസ്റ്റാറന്റുകൾ എന്നിവിടങ്ങളിലെല്ലാം നോൾ കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്താം. നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ആർ.ടി.എയുടെ ടിക്കറ്റ് വെൻഡിങ് മെഷീൻ, സോളാർ ടോപ്അപ് മെഷീൻ, നോൾ പേ ആപ് എന്നിവ വഴി യാത്രക്കാർക്ക് നോൾ കാർഡ് റീചാർജ് ചെയ്യാം. നോൾ പ്ലസ് കാർഡുള്ളവർക്ക് പ്രത്യേക ഇളവുകളും ആർ.ടി.എ പ്രഖ്യാപിക്കാറുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു