കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്. ഭയപ്പെടുത്തുന്നതും പരിതാപകരവും ക്രൂരവുമായ സംഭവമാണ് നടന്നതെന്നും ബംഗാള്‍ ഒരു ബനാന റിപ്പപ്ലിക് അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം ക്രൂരമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിൻമാറണമെന്നും താക്കീതിന്റെ സ്വരത്തില്‍ ആനന്ദ ബോസ് ആവശ്യപ്പെട്ടു.
മമത ബാനര്‍ജി സര്‍ക്കാര്‍ അടിസ്ഥാന കടമകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യൻ ഭരണഘടന അതിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഭയപ്പെടുത്തുന്ന രീതിയിലുള്ള അക്രമമാണ് നടന്നത്. ഇത് ഭയാനകവും അപലപനീയവുമാണ്. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ തടയുക എന്നത് സര്‍ക്കാരിന്റെ ജോലിയാണ്. ജനാധിപത്യത്തെ തകര്‍ക്കുന്ന സംഭവമാണിത്. ഉചിതമായ നടപടിക്കായി എന്റെ എല്ലാ ഭരണഘടനാ ഓപ്ഷനുകളും ഞാൻ കരുതിവച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്ബുള്ള ഈ അക്രമം നേരത്തെ തന്നെ അവസാനിപ്പിക്കണം. അവസാനത്തിന്റെ തുടക്കമാണ്. ഇത് അവസാനത്തേതായിരിക്കണം. -ഗവര്‍ണര്‍ പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം നടന്നത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു എൻഫോഴ്സ്മെന്റ് സംഘം. തൃണമൂല്‍ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡിനെത്തിയത്. പ്രദേശത്തെ 200ഓളം പേര്‍ വരുന്ന സംഘം ഇ.ഡി ഉദ്യോഗസ്ഥരേയും അര്‍ധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തിയ വാഹനങ്ങള്‍ ആള്‍ക്കൂട്ടം തകര്‍ത്തു.
അതേസമയം, ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.പശ്ചിമബംഗാളില്‍ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കേണ്ട റേഷൻവിഹിതത്തില്‍ 30 ശതമാനത്തോളം വകമാറ്റി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിറ്റുവെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മല്ലിക് അറസ്റ്റിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 2011 മുതല്‍ 2021 വരെ ജ്യോതി പ്രിയ മല്ലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷൻ അഴിമതി നടന്നതെന്ന് ഇ.ഡി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















