മുംബൈ: 2022 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് ഒരു ലക്ഷത്തിലേറെ സ്കോഡ കാറുകൾ വിൽപനയായി.ഇന്ത്യയിൽ രൂപകൽപന ചെയ്ത് ഉൽപാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഈ നാഴികക്കല്ല് പിന്നിടാൻ സ്കോഡയെ സഹായിച്ചത്.
മുൻപ് ഒരു ലക്ഷം കാറുകൾ വിൽക്കാൻ ആറ് വർഷമെടുത്ത സ്ഥാനത്ത് രണ്ട് വർഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. 2022 സ്കോഡയെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ ഏറ്റവും മികച്ച വർഷമായിരുന്നു. കുഷാഖും സ്ലാവിയയും വിപണിയിലെത്തിയതിന് പിന്നാലെയാണിത്.
കാറുകൾ വിപണിയിൽ ലഭ്യമാക്കുന്നതിൽ വന്ന കാലതാമസം മൂലം 2023-ന്റെ ആദ്യ പകുതിയിൽ ഈ കുതിപ്പിന് ചെറിയൊരു വിരാമമുണ്ടായെങ്കിലും കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 48,875 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചുവെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു.
പുതിയ ഉർപന്നങ്ങൾ വിപണിയിലെത്തിക്കുക, ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുക, വിൽപന-വിൽപനാനന്തര സേവനങ്ങളുടെ ഗുണമേൻമ വർധിപ്പിച്ച് ഉപയോക്താക്കളെ കൂടുതൽ സംതൃപ്തരാക്കു ക തുടങ്ങിയ കാര്യങ്ങളിലാണ് കഴിഞ്ഞ വർഷം കൂടുതലായി ശ്രദ്ധിച്ചത്. 2023 ആദ്യ പകുതിയിയിലെ മെല്ലെപ്പോക്കിന് ശേഷം അവസാന മൂന്ന് മാസം വിൽപനയിൽ നല്ല മുന്നേറ്റം നടത്താൻ കമ്പനിക്ക് സാധിച്ചു.
നിലവിലെ ഉൽപന്നങ്ങൾ പരിഷ്ക്കരിക്കുക, പുതിയവ വിപണിയിലെത്തിക്കുക, കയറ്റുമതി, വിപണന ശൃംഖലയുടെവിപുലീകരണം എന്നിവയിലൂടെ വളർച്ച ത്വരിതഗതിയിലാക്കുക എന്നീ മുൻഗണനകളാണ് 2024-ൽ സ്കോഡ ഇന്ത്യയുടെ മുൻപാകെ ഉള്ളത്.
സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച വർഷമായ 2022-ൽ 53,721 കാറുകളാണ് വിറ്റത്.2021 അവസാനം കുഷാഖും 2022 ആദ്യം സ്ലാവിയയും വിപണിയിലെത്തിയതിനെത്തുടർന്നുള്ള ഈ റെക്കോഡ് വിൽപന യൂറോപ്പിന് പുറത്ത് സ്കോഡയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റി.
കമ്പനിയുടെ സുപ്രധാന വിപണികളിലൊന്നായി ഇന്ത്യ തുടരുന്നു. 2023-ൽ വിപണിയിലെത്തിയ കോഡിയാക്കും വലിയ ജന പ്രീതി നേടുകയുണ്ടായി.