പഞ്ചാബ്: ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പഞ്ചാബിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽബീർ സിംഗ് ഡിയോളിനെ മുൻ ഗ്രാമത്തിലേക്കുള്ള യാത്രയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ കൊലപ്പെടുത്തിയെന്ന് പോലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 48 മണിക്കൂറിനുള്ളിൽ ജലന്ധർ പോലീസ് . നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്വേഷണത്തിലൂടെയാണ് പൊലീസ് അതിവേഗം പ്രതികളെ കുടുക്കിയത്. ദൽബീർ സിങ് ഡിയോൾ ആണ് ബുധനാഴ്ച തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ പ്രതി ഉദ്യോഗസ്ഥന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് തലയ്ക്ക് വെടിവച്ചു. തലയിൽ വെടിയുണ്ട ഉൾപ്പെടെ നിരവധി മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.
ജോലി കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന ജുഗൽ കിഷോർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കനാലിന്റെ സമീപത്തു മൃതദേഹം കണ്ടത്. ഇദ്ദേഹം മറ്റു പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
ഡിയോൾ ഓട്ടോയിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓട്ടോയുടെ നമ്പർ കൂടി ലഭിച്ചതോടെ ഓട്ടോ സഞ്ചരിക്കാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകം നടന്ന സമയത്ത് കനാൽ പരിസരത്തുണ്ടായിരുന്ന മൊബൈൽ സിഗ്നലുകളും പരിശോധിച്ചു. ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഓട്ടോഡ്രൈവറെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.