കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ഇൻഡ്യ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത്. പശ്ചിമ ബംഗാളിലെ സീറ്റുകള്‍ സംബന്ധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും പരസ്പരം പോരടിക്കുന്നത്.
പശ്ചിമ ബംഗാളില്‍ 42 ലോക്സഭ സീറ്റുകളില്‍ വെറും രണ്ട് സീറ്റ് വെച്ചുനീട്ടി മുഖ്യമന്ത്രി മമത ബാനര്‍ജി വിലപേശുകയാണെന്ന് കോണ്‍ഗ്രസ് ആഞ്ഞടിച്ചു. തന്റെ പാര്‍ട്ടിക്ക് മമതയുടെ കാരുണ്യം വേണ്ടെന്നും സ്വന്തംനിലക്ക് തന്നെ കൂടുതല്സീറ്റില് വിജയിക്കുമെന്നും ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജൻ ചൗധരി പറഞ്ഞു.
”മമത ബാനര്‍ജിയുടെ യഥാര്‍ഥ ഉദ്ദേശ്യം പുറത്തുവന്നിരിക്കുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് തരാമെന്നാണ് അവരുടെ വാഗ്ദാനം. ആ സീറ്റുകളില്‍ നിലവില്‍ രണ്ട് കോണ്‍ഗ്രസ് എം.പിമാരുണ്ട്. പിന്നെ പുതുതായി എന്താണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. മമത ബാനര്‍ജിയെയും ബി.ജെ.പിയും തോല്പിച്ചാണ് ആ രണ്ട് സീറ്റുകള്‍ ഞങ്ങള്‍ നേടിയത്. അതില്‍ പിന്നെ എന്താനുകൂല്യമാണ് അവര്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്.”-ചൗധരി ചോദിച്ചു.
ആരാണ് മമതയെ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് വിജയിക്കുന്നത് എന്നത് മമതയുടെ ആവശ്യമാണോ? കോണ്‍ഗ്രസ് പോരാടും. സ്വന്തം നിലക്ക് തന്നെ കുറെ സീറ്റുകളില്‍ വിജയിക്കാൻ സാധിക്കും. അത് ഞങ്ങള്‍ കാണിച്ചുതരാം. മമതയുടെ ഔദാര്യത്തിലുള്ള ഈ രണ്ട് സീറ്റുകള്‍ ഞങ്ങള്‍ക്ക് വേണ്ട.-ചൗധരി പറഞ്ഞു.
അധീര്‍ രഞ്ജൻ ചൗധരിയുടെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നു. അധീര്‍ രഞ്ജൻ ചൗധരി ബി.ജെ.പിക്കാരനെ പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു ടി.എം.സി നേതാവ് കുനാല്‍ ഘോഷിന്റെ ആരോപണം. 2021ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ടി.എം.സി ഒറ്റക്കാണ് മത്സരിച്ചത്. എന്നാല്‍ അധീര്‍ ചൗധരിയുടെ പാര്‍ട്ടി സി.പി.എമ്മുമായി സഖ്യമുണ്ടാക്കി. എന്നിട്ടും വലിയ നേട്ടമൊന്നുമുണ്ടായില്ല. ഇപ്പോള്‍ എന്താണ് അദ്ദേഹം പറയുന്നത്. ബി.ജെ.പിക്കെതിരെ പോരാടാൻ ടി.എം.സിക്ക് ആരുടെയും സഹായം ആവശ്യമില്ല. എന്നാല്‍ ഇൻഡ്യ സഖ്യവുമായി പൂര്‍ണമായി സഹകരിക്കാൻ ഞങ്ങളുടെ നേതാവ് മമത ബാനര്‍ജി തയാറാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണ്.-എന്നായിരുന്നു ഘോഷിന്റെ മറുപടി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ടി.എം.സി ഒറ്റക്ക് മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ മാസം മമത സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ടി.എം.സിക്ക് മാത്രമേ ബി.ജെ.പിയെ പാഠം പഠിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ 42 ലോക്സഭ സീറ്റുകളാണുള്ളത്. 2019ല്‍ ബി.ജെ.പി 18സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 2021ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ബി.ജെ.പിയെ കാത്തിരുന്നത്.