അബുദാബി ∙ സ്വരമാധുരികൊണ്ട് ആസ്വാദകരുടെ ഹൃദയം കവർന്ന ബഹുഭാഷാ ഗായിക സുചേത സതീഷിന് വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ്. യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ കോൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന പേരിൽ 140 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചാണ് ലോക റെക്കോർഡിലേക്ക് സുചേത പാട്ടുംപാടി കയറിയത്. 2023 നവംബർ 24ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിലായിരുന്നു ലോക റെക്കോർഡ് പ്രകടനം.
കണ്ണൂര് എളയാവൂര് സ്വദേശി ഡോ. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളും ദുബായ് നോളജ് പാർക്കിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർഥിനിയുമായ സുചേതയുടെ റെക്കോർഡുകൾക്ക് സംഗീതത്തിന്റെ ഈണവും താളവുമുണ്ട്. ഒരു സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ (140) ഭാഷകളിൽ പാട്ടുപാടിയതിനുള്ള റെക്കോർഡാണ് 18കാരി സ്വന്തം പേരിൽ കുറിച്ചിട്ടത്.
മലയാളമടക്കം 39 ഇന്ത്യൻ ഭാഷകൾക്കു പുറമെ 101 ലോക ഭാഷകളിലായിരുന്നു ആലാപനം. ഇന്നലെ വെബ്സൈറ്റിലൂടെയാണ് ഗിന്നസ് അധികൃതർ പുരസ്കാരം പ്രഖ്യാപിച്ചത്. ഉച്ചകോടിയിയിലെ 140 രാജ്യക്കാരുടെ സാന്നിധ്യമാണ് അത്രയും ഭാഷകളിൽ പാടാൻ പ്രേരിപ്പിച്ചതെന്നും സുചേത പറഞ്ഞു. ലോക റെക്കോർഡിന്റെ തിളക്കത്തോടെ സംഗീതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയാറെടുപ്പിലാണ് സുചേത.
2021 ഓഗസ്റ്റ് 19ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ 120 ഭാഷകളിൽ പാടി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്നു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും യുഎഇയുടെ 50ാം ദേശീയദിനവും ആഘോഷിക്കുന്ന വേളയിൽ ഇരുരാജ്യങ്ങൾക്കും ആദരമർപ്പിച്ചായിരുന്നു മ്യൂസിക് ബിയോണ്ട് ദ് ബോർഡേഴ്സ് എന്ന പ്രമേത്തിലാണ് അന്ന് സംഗീത പരിപാടി അവതരിപ്പിച്ചത്.
2018ൽ 102 ഭാഷകളിൽ പാടിയതിനും ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയതിനുമുള്ള യുഎസ് ആസ്ഥാനമായുള്ള വേൾഡ് റെക്കോർഡ് അക്കാദമിയുടെ 2 അവാർഡുകൾ സുചേത നേടിയിരുന്നു. ദൈർഘ്യമേറിയ സംഗീത കച്ചേരിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടി റെക്കോർഡിട്ടത് 12ാം വയസ്സിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു