വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട നൂറുകണക്കിന് സീൽ ചെയ്ത കോടതി ഫയലുകൾ ഈയാഴ്ച പുറത്തുവിടും. ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, യു.എസ് മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, േഡാണൾഡ് ട്രംപ് തുടങ്ങിയ പല പ്രമുഖരുടെയും പേരുകൾ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. രേഖകളിൽ ക്ലിന്റന്റെയും ട്രംപിന്റെയും പേരുകളുടെ രഹസ്യ സ്വഭാവം നിലനിർത്തേണ്ട ആവശ്യമില്ലെന്ന് യു.എസ് കോടതി ഈ മാസം വിധി പുറപ്പെടുവിച്ചിരുന്നു.
എപ്സ്റ്റൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരെ കുറിച്ചുള്ള വിവരങ്ങളും രേഖകളിലുണ്ടാകുമെന്നാണ് കരുതുന്നത്. പെൺവാണിഭ കേസിൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റൈൻ 2019 ആഗസ്റ്റിൽ ന്യൂയോർക്ക് ജയിലിൽ തൂങ്ങിമരിക്കുകയായിരുന്നു.
പ്രസിഡന്റായ ശേഷം പാരീസ്, ബാങ്കോക്ക്,ബ്രൂണെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് ക്ലിന്റൺ എപ്സ്റ്റൈന്റെ വിമാനം ഉപയോഗിച്ചിരുന്നതായി രേഖകളിലുണ്ട്. 26 തവണയാണ് ഇപ്രകാരം യാത്രകൾ നടത്തിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എപ്സ്റ്റൈനെതിരെ ആരോപണമുന്നയിച്ച യുവതികളിലൊരാൾ ഒരിക്കൽ സ്റ്റീഫൻ ഹോക്കിങ്ങിന് സേവനം നൽകാൻ തന്നോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.
സമാനമായ രീതിയിൽ ആൻഡ്രൂ രാജകുമാരനുമായി ബന്ധം പുലർത്താനും എപ്സ്റ്റീൻ നിർദേശിച്ചിരുന്നതായി പരാതിക്കാരിലൊരാളായ വിർജീനിയ ഗ്യൂഫ്രെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ അവകാശവാദം ആൻഡ്രൂ രാജകുമാരൻ നിഷേധിക്കുകയായിരുന്നു.
ആൻഡ്രൂ രാജകുമാരൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി എപ്സ്റ്റൈനെതിരെ കേസ് നൽകിയ യുവതികളിലൊരാളായ മിസ് റോബർട്ട്സ് മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകും മുമ്പായിരുന്നു പീഡനമെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബെക്കിങ് ഹാം കൊട്ടാരം ഇത് നിഷേധിച്ച് പ്രസ്താവനയിറക്കി
ഇവർക്കു പുറമെ നോബേൽ ജേതാവ് ലോറൻസ് ക്രാസ്, മൈക്കൽ ജാക്സൺ, മാന്ത്രികൻ ഡേവിഡ് കോപ്പർഫീൽഡ്, ഹാസ്യനടൻ ക്രിസ് ടക്കർ, നടൻ കെവിൻ സ്‌പേസി, വിക്ടോറിയയുടെ സീക്രട്ട് മാഗ്നറ്റ് ലെസ് വെക്‌സ്‌നർ, മോഡൽ നവോമി കാംബെൽ എന്നിവരും ജെഫ്രി എപ്സ്റ്റൈനെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി പെൺവാണിഭം നടത്തിയതിനാണ് എപ്സ്റ്റൈനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അഡ്രസ് ബുക്ക് 2009ൽ മാധ്യമങ്ങൾ ചോർത്തിയിരുന്നു. അതിൽ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഭാര്യ മെലാനിയയുടെയും സ്റ്റാഫിന്റെയും ഫോൺ നമ്പറുകൾ കണ്ടെത്തിയിരുന്നു. എന്നാൽ പ്രസിഡന്റായപ്പോൾ ട്രംപ് ഇയാളിൽ നിന്നകന്നു. 1990കളുടെ തുടക്കത്തിലാണ് ഇരുവരും തമ്മിൽ സൗഹൃദം തുടങ്ങിയത്.