പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമാ സഭാ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്. മണിപ്പൂര്‍ വിഷയം ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാന്‍ കഴിയണമായിരുന്നെന്നും ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും ഡോ. എബ്രഹാം മാര്‍ പൗലോസ് പറഞ്ഞു
‘മണിപ്പൂര്‍ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാന്‍ കഴിയണം.ഡല്‍ഹിയില്‍ സമ്മേളിച്ചപ്പോഴും അതിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ പറയാമായിരുന്നു. അവര്‍ എന്താണ് അക്കാര്യങ്ങള്‍ പറയാത്തതെന്ന് സമൂഹം ഉന്നയിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വിരുന്ന് മനോഹരമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു. മണിപ്പൂര്‍ ജനത പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവ് അടങ്ങിപ്പോയെങ്കില്‍ നമ്മള്‍ സൗകര്യാര്‍ഥം കോമ്പ്രമൈസ് ചെയ്യുകയാണ്. അതില്‍ നിന്ന് സഭ വിട്ടുനില്‍ക്കണം. ഭാരതത്തിന്റെ തിരുത്തല്‍ ശക്തമായി ക്രൈസ്തവ സമൂഹം മാറണം’ – അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുത്ത സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ മന്ത്രി സജി ചെറിയാനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോള്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോയെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. ഇതിനെതിരെ സഭാനേതൃത്വത്തില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പരാമര്‍ശത്തിലെ മൂന്ന് വാക്കുകള്‍ അദ്ദേഹം പിന്‍വലിച്ചിരുന്നു.