മക്ക/മദീന: സൗദിയിൽ വിനോദസഞ്ചാര താമസകേന്ദ്രങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ടൂറിസം മന്ത്രാലയ നടപടി തുടരുന്നു. മക്കയിലും മദീനയിലുമായി നാലായിരത്തിലധികം പരിശോധനകളാണ് ഇതുവരെ നടന്നത്. മാർഗനിർദേശങ്ങൾ ലംഘിച്ചും അനധികൃതമായും പ്രവർത്തിച്ചതെന്ന് കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി. 2,000ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായും 330 ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.
ടൂറിസം നിയമത്തിനും പുതുതായി പുറപ്പെടുവിച്ച ചട്ടങ്ങൾക്കുമനുസൃതമായി ഈ മേഖലയിലെ ഓപറേറ്റർമാർക്ക് അവരുടെ പദവി ശരിയാക്കുന്നത് വരെ അടച്ചിടാനും മന്ത്രാലയം നിർദേശം നൽകി. ‘ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന’ എന്ന ശീർഷകത്തിൽ നടന്ന കാമ്പയിന്റെ ഭാഗമായി വ്യാപക പരിശോധനകൾ രാജ്യത്തെ വിവിധ മേഖലകളിൽ നടക്കുകയാണ്. സ്ഥാപനങ്ങൾ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മദീനയിൽ 1,400ലധികം പരിശോധനകളാണ് പൂർത്തിയാക്കിയത്.
നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധന തുടരുമെന്നും ടൂറിസം മേഖലയിൽ കുറ്റമറ്റ സംവിധാനങ്ങൾ ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു. എല്ലാ ടൂറിസം സേവനദാതാക്കളും സേവനങ്ങളുടെ ഗുണനിലവാരത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതും വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷയും തൃപ്തിയും ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ടൂറിസം മേഖലയിലുള്ള പരാതികൾ 930 എന്ന വിസിറ്റർ കെയർ നമ്പർ വഴി അറിയിക്കാമെന്നും ടൂറിസം അതോറിറ്റി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു