ന്യൂ ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ വ്യാഴാഴ്ച ഇ.ഡിയുടെ പരിശോധനക്കും തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് ഡല്‍ഹി മന്ത്രി അതിഷി അറിയിച്ചു. മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരായിരുന്നില്ല. കെജ്രിവാളിന്റെ വസതിയിലേക്ക് പോകുന്ന വഴികള്‍ ഡല്‍ഹി പോലീസ് അടച്ചതായി ആപ്പ് നേതാക്കാള്‍ അറിയിച്ചു.
നേരത്തെ നവംബര്‍ രണ്ടിനും ഡിസംബര്‍ 21 നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്ബാകെ ഹാജരാകാൻ നിര്‍ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നല്കിയ നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് കെജ്രിവാളിന്റെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയുകയാണ് അറസ്റ്റിലൂടെ ഇ.ഡി ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താലും കെജ്രിവാള് രാജിവെക്കാതെ ജയിലിലിരുന്ന് ജോലി തുടരുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കെജ്രിവാള് കഴിയുന്ന ജയിലിലേക്ക് വിളിക്കും. ജയിലില്‍ തുടരുന്ന കാലത്തോളം അവിടെയിരുന്ന് ജോലി തുടരാൻ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.
മൂന്ന് ആപ്പ് നേതാക്കളെയാണ് ഇതുവരെ മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബറില്‍ മുൻ മന്ത്രി സത്യേന്ദ്ര ജയ്നിനെയും 2023 ഫെബ്രുവരിയില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ നാലിന് എം.പി സഞ്ജയ് സിങ്ങും അറസ്റ്റിലായി.
2021 നവംബര്‍ 17നാണ് ഡല്‍ഹിയില്‍ വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്ലെറ്റുകള് തുറക്കാം. ലേലം നടത്തി 849 ഔട്ട്ലെറ്റുകള് സ്വകാര്യ കമ്പനികള്‍ക്ക് നല്കി.
നയത്തിനെതിരെ പലകോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയില്‍ മദ്യം വിതരണം ചെയ്യപ്പെടുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും വിലപ്പോയില്ല. തുടര്‍ന്ന് 2022 ജൂലൈയില്‍ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. മദ്യവില്പനക്ക് ലൈസൻസ് നേടിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.