കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ തണുപ്പ് കൂടും. നിലവിലുള്ള താപനിലയില്‍ വരും ദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.
മുറബ്ബാനിയ സീസണ് അവസാനിക്കുന്നതോടെ ആകാശത്ത് ശൗല നക്ഷത്രം പ്രത്യക്ഷപ്പെടുകയും രാജ്യം കൊടും തണുപ്പിലേക്ക് പ്രവേശിക്കുകയും ചെയ്യും.
13 ദിവസം നീളുന്ന സീസണിൽ താപനിലയില്‍ കുത്തനെയുള്ള കുറവുണ്ടാകും.
പകൽ ദൈർഘ്യം കുറയുകയും രാത്രി സമയം കൂടുകയും ചെയ്യും. പകൽ സമയം 10 മണിക്കൂറും 27 മിനിറ്റും രാത്രി സമയം 13 മണിക്കൂറും 33 മിനിറ്റും വരെയായിരിക്കുമെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അതേസമയം, മുൻകാലങ്ങളിലേതിന് സമാനമായ തണുപ്പ് ഇത്തവണ ഡിസംബറിൽ അനുഭവപ്പെട്ടിട്ടില്ല. ഡിസംബർ 22 മുതൽ രാജ്യം കടുത്ത ശൈത്യത്തിലേക്ക് കടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ നേരത്തേ അറിയിച്ചിരുന്നു.
ഡിസംബറിൽ പകൽ മിതമായ കാലാവസ്ഥയും രാത്രിയോടെ തണുപ്പും വ്യാപിക്കുന്നതായിരുന്നു പൊതുവെയുള്ള കാലാവസ്ഥ. മഴയും വിട്ടുനിന്നു. ജനുവരിയോടെ രാത്രിയിൽ തണുപ്പ് കൂടിയിട്ടുണ്ട്. കാലാവസ്ഥയിലെ മാറ്റവും പ്രകടമാണ്.
കാറ്റ് തണുപ്പിന്റെ സാന്നിധ്യം വർധിപ്പിക്കുന്നു. പകലിന്റെ ദൈർഘ്യവും ഇപ്പോൾ കുറവാണ്. അഞ്ചുമണി കഴിഞ്ഞാണ് ഉദയം. വൈകീട്ട് അഞ്ചുമണിയോടെ സന്ധ്യയാകുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു